റിയാദ്: നിയമലംഘനം നടത്തിയ 7,922 വിദേശികളെ സൗദി അറേബ്യയില്‍ നിന്നും നാടുകടത്തിയതായി അധികൃതര്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനങ്ങളെ തുടര്‍ന്നായിരുന്നു നാടുകടത്തല്‍.
ഇത്രയും പേര്‍ക്കെതിരെ കഴിഞ്ഞ സെപ്തംബര്‍ 21 മുതല്‍ സെപ്റ്റംബര്‍ 27 വരെയുള്ള ഒരാഴ്ചക്കുള്ളിലാണ് നടപടി ഉണ്ടായത്. ഇതേ കാലയളവില്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 11,465ഓളം വിദേശികളെ നിയമ ലംഘനങ്ങള്‍ക്ക് പുതിയതായി പിടികൂടിയിട്ടുണ്ടെന്നും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
also read: ചുമയും ശ്വാസ തടസവും, 7 മാസം പ്രായമായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെത്തിയത് എല്‍ഇഡി ബള്‍ബ്
ഒരാഴ്ചയ്ക്കിടെ പിടിയിലായ 11,465 പേരില്‍ 7,199 പേര്‍ സൗദി അറേബ്യയിലെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷാചട്ടം ലംഘിച്ച 2,882 പേരും തൊഴില്‍ നിയമ ലംഘകരായ 1,384 പേരും രാജ്യാതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 711 പേരെയും അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരില്‍ 52 ശതമാനം പേര്‍ യമനികളും 45 ശതമാനം പേര്‍ എത്യോപ്യക്കാരും മൂന്ന് ശതമാനം പേര്‍ മറ്റ് രാജ്യക്കാരുമാണ്. നിലവില്‍ 43,772 നിയമലംഘകര്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതില്‍ 36,404 പുരുഷന്മാരും 7,368 സ്ത്രീകളുമാണ്.