ന്യൂഡൽഹി: കാനഡയിൽ ഖലിസ്ഥാൻ ഭീകരവാദി സുഖ ദുനേക (സുഖ്ദൂൽ സിങ്) കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി. ഫേസ്ബുക്കിലൂടെയാണ് സുഖ്ദൂൽ സിങിന്റെ മരണത്തിനു പിന്നിൽ തങ്ങളാണെന്ന് ലോറൻസ് ബിഷ്ണോയിയുടെ സംഘം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. മയക്കുമരുന്നു കേസിൽ അഹമ്മദാബാദിലെ ജയിലിലാണ് നിലവിൽ ലോറൻസ് ബിഷ്ണോയി.
അധോലോക തലവന്മാരായ ഗുർലാൽ ബ്രാറിനെയും വിക്കി മിദ്ഖേരയേയും കൊലപ്പെടുത്തിയത് ദുനേകയുടെ പദ്ധതിയായിരുന്നു എന്നും ദുനേക വിദേശത്തിരുന്ന് കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു.
മയക്കുമരുന്നിനടിമയായ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നും ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷയാണ് ഇതെന്നും പോസ്റ്റിൽ പറയുന്നുണ്ട്. കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുനേക കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
സുഖ ദുനേക 2017-ലാണ് പഞ്ചാബിൽ നിന്നും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കാനഡിയിലെത്തുന്നത്. ഇയാൾക്കെതിരേ ഏഴ് ക്രിമിനൽ കേസുകലാണ് നിലവിലുള്ളത്. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ദവീന്ദർ ബംബിഹ സംഘത്തിൽപെട്ടിരുന്ന ഇയാൾ കാനഡയിലെത്തിയ ശേഷം ഈ സംഘത്തിന് ധനസഹായം നൽകി വരികയായിരുന്നു എന്നാണ് വിവരം.
ജൂൺ 19നായിരുന്നു ഖലിസ്ഥാൻ ഭീകരവാദിയായിരുന്ന ഹർദിപ് സിങ് നിജ്ജർ കൊല്ലപ്പെട്ടത്. ഇതിന് സമാനമായിരുന്നു ദുനേകയുടെ മരണവും. നിജ്ജറിന്റെ കൊലപാതകത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നതിനിടെയാണ് സുഖ ദുനേകയുടെ കൊലപാതകം നടന്നത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം.