ന്യൂഡൽഹി: ഇന്ത്യ-സൗദി അറേബ്യ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനും ഔദ്യോഗിക സന്ദർശനത്തിനുമായാണ് സൗദി കിരീടാവകാശി ഇന്ത്യയിലെത്തിയത്.
ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി സ്വീകരിച്ചു. ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്നാണ് മോഡി പ്രതികരിച്ചത്. ഇരു രാഷ്ട്രങ്ങളുടേയും ഉഭയകക്ഷി ചർച്ചയിൽ വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ചയായതായാണ് വിവരം.
നേരത്തെ, രാഷ്ട്രപതി ഭവനിലെത്തിയ സൗദി കിരീടാവകാശിക്ക് ആചാരപരമായ വരവേൽപ് നൽകിയിരുന്നു. രാഷ്ട്രപതി ദൗപതി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്.
A new chapter in the 🇮🇳-🇸🇦 ties.
PM @narendramodi welcomes HRH Prince Mohammed bin Salman, Crown Prince & PM of the Kingdom of Saudi Arabia at Hyderabad House.
Leaders will co-chair the first Meeting of the India-Saudi Arabia Strategic Partnership Council (SPC). pic.twitter.com/yqH06Be11z
— Arindam Bagchi (@MEAIndia) September 11, 2023
കൂടാതെ, മോഡിയുടെയും സൗദി കിരീടാവകാശിയുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ (എസ്പിസി) പ്രഥമ യോഗവും നടക്കുന്നുണ്ട്. നേരത്തെ, 2019ൽ മോഡിയുടെ റിയാദ് സന്ദർശനത്തിനിടെയാണ് എസ്പിസി രൂപവത്കരിച്ചത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്. വിജയകരമായി ജി20 അധ്യക്ഷ പദവി വഹിച്ചതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചു.’അഭിനന്ദനങ്ങൾ ഇന്ത്യ, ഇരു രാജ്യങ്ങൾക്കും ജി20 രാജ്യങ്ങൾക്കും ലോകത്തിന് മുഴുവനും ഗുണം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങൾ നടത്തി. ഇന്ത്യയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭാവിക്കായി നമ്മൾ പ്രവർത്തിക്കും’ -സൗദി കിരീടാവകാശി പ്രസ്താവന നടത്തിയതിങ്ങനെ.