ദുബായ്: ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലുപേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാനുള്ള നറുക്കെടുപ്പിൽ വിജയിച്ചതിന്റെ അമ്പരപ്പിൽ മലയാളി പ്രവാസിയും സുഹൃത്തുക്കളും. ഓഗസ്റ്റ് നാലാമത്തെ ആഴ്ച്ചയിലെ നറുക്കെടുപ്പിൽ വിജയികളായ നാലുപേരിൽ ഒരാളാണ് മലയാളിയായ വിനോദ്. സമ്മാനത്തിനർഹരായവരിൽ വിനോദിനെ കൂടാതെ മറ്റൊരു മലയാളി കൂടിയുണ്ട്. മറ്റ് രണ്ടുപേർ പാകിസ്ഥാനികളാണ്.
ഒമാനിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന വിനോദ് ഓൺലൈനായാണ് ടിക്കറ്റെടുത്തത്. രണ്ടു വർഷമായി 11 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് വിനോദ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ബിഗ് ടിക്കറ്റിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും സുഹൃത്തുക്കൾക്കൊപ്പം ക്യാഷ് പ്രൈസ് പങ്കിടുമെന്നും വിനോദ് പറയുന്നു. മാത്രമല്ല ജീവകാരുണ്യപ്രവർത്തികളും ചെയ്യാനാണ് വിനോദ് ആഗ്രഹിക്കുന്നത്.
പ്രൈസ് മണി കയ്യിൽ കിട്ടിയാൽ തന്റെ രണ്ട് പെൺമക്കൾക്കും സമ്മാനം വാങ്ങി നൽകും. അവർ സന്തോഷത്തോടെയിരിക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ബിഗ് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ വിജയിക്കണം എന്നതണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് അറിയാമായിരുന്നു ഞങ്ങൾ ഒരു ദിവസം വിജയിക്കുമെന്ന്. – വിനോദ് പറയുന്നതിങ്ങനെ.
ടിക്കറ്റ് വാങ്ങുമ്പോൾ സാധാരണ ലക്കി നമ്പറുകൾ നോക്കിയാണ് തെരഞ്ഞെടുക്കാറ്. ഇത്തവണ അങ്ങനെ ചെയ്തില്ല. അത് ഉപകാരപ്പെട്ടു. ഗ്രാൻഡ് പ്രൈസ് കിട്ടുന്നത് വരെ ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും എനിക്ക് പറയാനുള്ളത് ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുക. ഒരു ദിവസം നിങ്ങൾ വിജയിക്കുമെന്നും വിനോദ് പറയുന്നു.
മലയാളിയായ 35 വയസ്സുകാരനായ ശബരീഷാണ് മറ്റൊരു സമ്മാന വിജയി. ഷാർജയിലാണ് എട്ടു വർഷമായി ശബരീഷ് താമസിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറായ അദ്ദേഹം 7 വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവണത്തെ ടിക്കറ്റ് പക്ഷേ, ഒറ്റയ്ക്കാണ് എടുത്തത്. കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ വെക്കേഷൻ ആഘോഷിക്കുന്നതിന് ഇടയിലാണ് ശബരീഷ്, ബിഗ് ടിക്കറ്റ് നേടിയ വാർത്ത അറിഞ്ഞത്. തനിക്ക് ലഭിച്ച ക്യാഷ് പ്രൈസ് ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് ശബരീഷ് പറയുന്നു. പണം ബാങ്ക് അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുമെന്നും ശബരീഷ് പറഞ്ഞു.
അബു ദാബിയിൽ ആശുപത്രയിൽ ഡ്രൈവരായി ജോലി ചെയ്യുന്ന 30 വയസ്സുകാരനായ സയദ് മുഹമ്മദ്, ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിനോക്കുന്ന ഇനായത് ഉല്ല അബ്ദുൾ ജനാൻ എന്നിങ്ങനെ രണ്ട് പാകിസ്താൻ സ്വദേശികളാണ് ഒരു ലക്ഷം ദിർഹം വീതം നേടിയ മറ്റുരണ്ടുപേർ.