ദുബായ്: സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുള്ള ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യക്കാര്‍ക്ക് യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിനു അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു. സാങ്കേതിക പ്രശ്നം കാരണം ഇടക്കാലത്ത് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. അതാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.
ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്ലാസില്‍ ഹാജരായാല്‍ മാത്രമേ ലൈസന്‍സ് എടുക്കാനാകൂ. ഏപ്രിലില്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നു. 2150 ദിര്‍ഹം അടച്ചാല്‍ ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിനു അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡൈവിങ് ക്ലാസില്‍ ചേരേണ്ടതില്ല.
ദുബൈ ഗോള്‍ഡന്‍ ചാന്‍സ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് അപേക്ഷിക്കേണ്ട വിധം
ആര്‍ടിഎയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഗോള്‍ഡന്‍ ചാന്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. എമിറേറ്റ്സ് ഐഡി നമ്പര്‍, കാലപരിധി, മൊബൈല്‍ നമ്പര്‍ എന്നിവ നല്കിയാല് ഫോണില്‍ ലഭിക്കുന്ന ഒടിപിയും നല്കി നടപടി പൂര്‍ത്തിയാക്കാം. നല്കിയ വിവരങ്ങള്‍ ഒത്തുനോക്കി ഉറപ്പുവരുത്തണം. ശേഷം സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ ലൈസന്‍സ് ഇഷ്യൂ ചെയ്ത തീയതി, കാലപരിധി, കാറ്റഗറി (ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍) എന്നിവ രേഖപ്പെടുത്തണം.
തുടര്‍ന്ന് ലഭിക്കുന്ന റോഡ് ടെസ്റ്റ് തീയതിയില്‍ ഹാജരായി പാസായാല്‍ ലൈസന്‍സ് ലഭിക്കും. അല്ലാത്തവര്‍ക്ക് സാധാരണ ക്ലാസില്‍ ചേരാം. ഐ ടെസ്റ്റ്, നോളജ് ടെസ്റ്റ് എന്നിവ നടത്തിയ ശേഷമാണ് ടെസ്റ്റിനു ഹാജരാകേണ്ടത്. പാസായാല്‍ 2 വര്‍ഷത്തേക്കു ലൈസന്‍സ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ പിന്നീട് 5 വര്‍ഷത്തേക്കു പുതുക്കാം.
Discussion about this post