ആറ് മാസം ബഹിരാകാശത്ത്: ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നയാദി തിരിച്ചെത്തി

ദുബായ്: ബഹിരാകാശത്ത് ആറ് മാസം പൂര്‍ത്തിയാക്കി തിരികെ ഭൂമിയിലെത്തി യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നയാദി. തിങ്കളാഴ്ച യുഎഇ സമയം രാവിലെ 8.17ന് ഫ്‌ലോറിഡ ജാക്സണ്‍വില്ലെ തീരത്ത് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിലാണ് നാലംഗ സംഘം സുരക്ഷിതമായി മടങ്ങിയെത്തിയത്.

സ്പാഷ് ഡൗണിന് ശേഷം പേടകത്തില്‍ നിന്ന് ഏറ്റവുമൊടുവിലാണ് സുല്‍ത്താന്‍ അല്‍ നയാദി പുറത്തിയത്. ബഹിരാകാശത്ത് 186 ദിവസം ചെലവിട്ട ശേഷമാണ് സുല്‍ത്താന്‍ അല്‍ നയാദി തിരികെ എത്തുന്നത്.

വൈദ്യ പരിശോധനകള്‍ക്ക് ശേഷം സംഘാംഗങ്ങളെ ഹൂസ്റ്റണിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ചാകും ബഹിരാകാശ യാത്രികര്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കുക. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുപ്രധാന നേട്ടത്തില്‍ അല്‍ നയാദിയെ അഭിനന്ദിച്ചു.

അല്‍ നിയാദിക്കൊപ്പം നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്ദ്രേ എന്നിവരുമുണ്ടായിരുന്നു. ദീര്‍ഘകാല ഗവേഷണങ്ങള്‍ക്കായി മാര്‍ച്ച് മൂന്നിനാണ് നിയാദിയും സംഘവും ബഹിരകാശത്തേക്ക് പുറപ്പെട്ടത്. ഇതിനകം 200ലധികം പരീക്ഷണങ്ങള്‍ സംഘം പൂര്‍ത്തിയാക്കി.

ബഹിരാകാശ പര്യവേക്ഷണത്തില്‍ വന്‍ മുന്നേറ്റം കൈവരിച്ചതിന് മുഴുവന്‍ ടീമിനെയും അഭിനന്ദിക്കുന്നതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. യുഎഇയിലെ ജനങ്ങള്‍ വളരെയധികം അഭിമാനിക്കുന്നു. നിങ്ങള്‍ ഒരു രാജ്യത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

നേരത്തെ മോശം കാലാവസ്ഥയെ തുടര്‍ന്ന് സംഘത്തിന്റെ മടക്കയാത്ര നീണ്ടിരുന്നു. ബഹിരാകാശ നിലയത്തില്‍ നിന്നും യാത്ര തിരിച്ച് ഞായറാഴ്ച അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ലാന്റ് ചെയ്യുന്ന വിധത്തിലായിരുന്നു മടക്കയാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഫ്‌ളോറിഡയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. ഇഡാലിയ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ ശക്തമായതാണ് കാരണം.

Exit mobile version