മനാമ: ബഹ്‌റൈനിലെ പ്രവാസ ലോകത്തെ കണ്ണീരിലാക്കി ഓണാഘോഷം കഴിഞ്ഞുമടങ്ങിയ ഉറ്റ സുഹൃത്തുക്കളുടെ മരണം. ഓണം അവധിക്കാലത്തെ വീക്കെൻഡിലാണ് പൊതുവെ പ്രവാസികൾക്കിടയിൽ ഓണാഘോഷം ആരംഭിക്കുക. ഇത്തവണ ചൊവ്വാഴ്ചയായിരുന്നു ഓണമെന്നതിനാൽ വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഓണാഘോഷങ്ങൾ തകൃതിയായിരുന്നു. എല്ലായിടത്തും സന്തോഷം മാത്രം നിറഞ്ഞ നിൽക്കുന്നതിനിടെയാണ് മലയാളികളായ നാല് പേരുൾപ്പടെ അഞ്ചുപേരെ മരണം കവർന്നെടുത്തത്.
അപകടത്തിൽ കോഴിക്കോട് സ്വദേശി വിപി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമത്തെയാൾ.
സ്‌കൂൾ അവധി കഴിഞ്ഞ് പ്രവാസികൾ നാട്ടിൽ നിന്നും മടങ്ങിയെത്തി ആഘോഷം കൊഴുക്കുന്നതിനിടെയാണ് അഞ്ച് യുവാക്കൾ വിട്ടുപിരിഞ്ഞത്. ഇക്കാര്യം ഉൾക്കൊള്ളാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല. രാത്രി സംഭവിച്ച അപകടം പുലർച്ചെയാണ് അധികപേരും അറിഞ്ഞത്.
ആശുപത്രി ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ സജീവമായിരുന്നു ഇവർ. എല്ലാവരും ഉറ്റസുഹൃത്തുക്കൾ. ഓണാഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന അത്തപ്പൂക്കളം ഇടുന്നതിലടക്കം നാലു മലയാളി യുവാക്കളും സജീവമായി പങ്കെടുത്തിരുന്നു. ചന്ദ്രയാൻ മാതൃകയിൽ വ്യത്യസ്ഥമായ അത്തപ്പൂക്കളമിട്ട് സുഹൃത്തുക്കളോടൊപ്പം ഫോട്ടോയുമെടുത്തശേഷമാണ് വൈകീട്ട് ഹോട്ടലിൽ നടന്ന സദ്യയിലും അഞ്ചുപേരും പങ്കെടുത്തത്. മലയാളികളായ നാലുപേരും ആഘോഷത്തിനിടെ ഒരു ഫ്രെയിമിൽ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
ഇത് ഗ്രൂപ്പുകളിലടക്കം ഷെയർ ചെയ്തതിന് ശേഷമാണ് അഞ്ചുപേരും പത്തുമണിയോടെ താമസസ്ഥലത്തേക്ക് തിരിച്ചത്. മുഹറഖിലുള്ള ആശുപത്രിയിലെ ജീവനക്കാരാണ് ഇവർ അഞ്ചുപേരും. ആശുപത്രിക്കടുത്തുതന്നെയാണ് അഞ്ചുപേരും താമസിച്ചിരുന്നതും. മിടുക്കരായ ചുറുചുറുക്കുള്ള യുവാക്കളെയാണ് നഷ്ടമായതെന്ന് സഹപ്രവർത്തകരും ഓർക്കുന്നു.