രാജ്യാതിര്‍ത്തി ഭേദിച്ച് ഒന്നായി: പാക് സ്വദേശി തൈമൂര്‍ പ്രിയതമയ്‌ക്കൊപ്പം കേരളത്തില്‍ ഓണം ആഘോഷിയ്ക്കും

അജ്മാന്‍: പ്രണയത്തിലൂടെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ഒന്നായ പാകിസ്താന്‍ സ്വദേശിയായ തൈമൂര്‍ ഇത്തവണ കേരളത്തില്‍ ഓണം ആഘോഷിയ്ക്കും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തൈമൂറിന് ഇന്ത്യാ സര്‍ക്കാര്‍ വിസ അനുവദിച്ചത്. കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജ ഗോപാലിന്റെ ഭര്‍ത്താവാണ് പാക് പൗരനായ മുഹമ്മദ് തൈമൂര്‍.

2005ല്‍ ജോലി ആവശ്യാര്‍ഥം യുഎഇയില്‍ എത്തിയപ്പോഴാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ശ്രീജയെ തൈമൂര്‍ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി മാറി.

ഇതിനിടയില്‍ ശ്രീജയ്ക്ക് യമനില്‍ നഴ്‌സായി ജോലി കിട്ടിപ്പോയെങ്കിലും സ്‌നേഹബന്ധം തുടര്‍ന്നു. യമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ശ്രീജയ്ക്ക് നാട്ടിലേക്ക് പോരേണ്ടി വന്നെങ്കിലും വൈകാതെ ജോലി തേടി ശ്രീജ യുഎഇയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു.

2018 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ വലിയ്യിന്റെ കാര്‍മികത്വത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അതിരുകളില്ലാത്ത ജീവിതവഴിക്ക് ഏറെ പിന്തുണ നല്‍കിയ തൈമൂറിന്റെ പിതാവിനെ കാണണമെന്ന ശ്രീജയുടെ ആഗ്രഹം ബാക്കിയാക്കി അദ്ദേഹം ഇതിനിടയില്‍ മരണപ്പെട്ടു. പിതാവിന്റെ ഓര്‍മക്കായി നാട്ടില്‍ ഇരുവരും ചേര്‍ന്ന് നിര്‍മിച്ച വീടിന് താരിഖ് മന്‍സില്‍ എന്നാണ് പേരുനല്‍കിയത്.

ഇന്ത്യ സര്‍ക്കാര്‍ വിസ അനുവദിച്ചതോടെ കേരളം കാണാനാകുമെന്ന പ്രതീക്ഷയിലാണ് തൈമൂര്‍. 60 ദിവസത്തെ സന്ദര്‍ശന വിസയാണ് തൈമൂറിന് ലഭിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുള്ളതിനാല്‍ ഇരുവരും പ്രവാസ ലോകത്തും നാട്ടിലും സുപരിചിതരാണ്.

Exit mobile version