ദുബായ്: ഇന്ത്യയുടെ 77 ആം സ്വാതന്ത്ര ദിനം ആഡംബരത്തോടെ ആഘോഷിച്ച് പ്രവാസി മലയാളികൾ. സ്വാതന്ത്ര്യദിന സന്ദേശം വഹിച്ചുകൊണ്ടിള്ള ഡി3 യാച്ച് ആഡംബര നൗകകളുടെ പരേഡ് യുഎഇയിൽ കൗതുക കാഴ്ചയായി. യു എ ഇ യിലെ മുൻനിര യാച്ച് കമ്പനികളിൽ ഒന്നായ ഡി3 യാച്ച് ആണ് ഇന്ത്യയുടെ 77 സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ആഢംബര നൗകകളുടെ പരേഡ് സംഘടിപ്പിച്ചത്.
ചൊവ്വ രാവിലെ 9 ന് ദുബായ് ഹാർബർ മറീനയിൽ നിന്നാരംഭിച്ച പരേഡ് 11 മണിയോട് കൂടി ദുബായ് മറീനയിൽ അവസാനിച്ചു. കമ്പനിയുടെ 142 അടി വലിപ്പം വരുന്ന ‘അലി’ എന്ന അത്യാഢംബര നൗക നയിച്ച പരേഡിൽ 15 മറ്റു നൗകകളും ജെറ്റ്‌സ്‌കികളും അണി നിരന്നു.
ദേശീയ പതാകകളും ത്രിവർണ്ണ നിറത്തിലുള്ള ബലൂണുകളും കൊണ്ട് അലങ്കരിച്ച നൗകകൾ കാഴ്ചക്കാർക്ക് കൗതുകമായി.ഡി3 യാച്ച് സിഇഒ ഷഫീഖ് എം അലി, ജനറൽ മാനേജർ ദീപക് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തിൽ മാനേജിങ് ഡയറക്ടർ ഷമീർ എം അലി ദേശീയ പതാക ഉയർത്തി.
‘യു എ ഇ യിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ മാറ്റ് കൂട്ടാൻ മാത്രല്ല, നമ്മുടെ രാജ്യത്തെ ഓർത്തു അഭിമാനിക്കുവാനുള്ള ഒരു അവസരം കൂടിയാണ് ഈ പരേഡ്’ അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി കാഴ്ചക്കാരും അണിനിരന്ന വർണ്ണാഭമായ പരേഡ് യുഎഇയിലെ ഇന്ത്യക്കാർക്ക് അഭിമാനം നൽകുന്ന കാഴ്ചയായി.