അബുദാബി: യുഎഇ സന്ദര്‍ശകരുടെ മനം കവര്‍ന്ന് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ് മരുഭൂമിയിലെ പ്രണയ തടാകം. ഒത്ത നടുവിലാണ് പ്രണയ തടാകം വിരിഞ്ഞ് കിടക്കുന്നത്. തടാകത്തിന് പേര് പ്രണയം എന്നാണെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രമുള്ളതല്ല ഇവിടം. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.
അല്‍ ഖുദ്റ തടാകത്തിനടുത്തു നിന്ന് പത്തുമിനിറ്റ് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുള്‍പ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തോളവും വാരാന്ത്യങ്ങളില്‍ മൂവായിരത്തോളവും സന്ദര്‍ശകരും ഇവിടെത്തുന്നുണ്ട്.
രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് കവാടം. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും.
നിരവധി ദേശാടനപ്പക്ഷികളുടെയും കേന്ദ്രം കൂടിയാണ് ഈ തടാകം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതി സൗഹാര്‍ദ ഇരിപ്പിടങ്ങളും സന്ദര്‍ശകര്‍ക്കായുണ്ട്. ബാര്‍ബിക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും ഇവിടെയുണ്ട്.