ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

റിയാദ്: ടെന്നീസ് കോര്‍ട്ടിനോട് വിടപറഞ്ഞ് ആത്മീയ പാതയില്‍ ഇതിഹാസ താരം സാനിയ മിര്‍സ. കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു സാനിയയുടെ അവസാന മത്സരം.

ഇപ്പോള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയിരിക്കുകയാണ് താരം.
സോഷ്യല്‍ മീഡിയയിലൂടെ സാനിയ തന്നെയാണ് വിവരം പുറത്തുവിട്ടത്. 36കാരിയായ സാനിയ കുടുംബസമേതമാണ് ഉംറ നിര്‍വഹിക്കാന്‍ എത്തിയത്. മകന്‍ ഇഷാന്‍ മിര്‍സ മാലിക് അടക്കം കുടുംബത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയില്‍ നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്.

‘അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്. ഏറെ നന്ദിയുണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഷാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്.

കഴിഞ്ഞ വര്‍ഷം ആദ്യത്തിലാണ് സാനിയ കളിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നത്. 2022 സീസണിന്റെ അവസാനത്തില്‍ വിരമിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, യുഎസ് ഓപണിന്റെ തൊട്ടുമുന്‍പ് മുട്ടിനു പരിക്കേറ്റതോടെ വിരമിക്കല്‍ നീളുകയായിരുന്നു. കഴിഞ്ഞ ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണിലാണ് ഗ്രാന്‍ഡ്സ്ലാം കരിയറിന് വിരാമമിട്ടത്.

ഫെബ്രുവരി 21ന് ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. അമേരിക്കന്‍ താരം മാഡിസണ്‍ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യയുടെ വെറോണിക്ക കുദര്‍മെറ്റോവ-ല്യൂഡ്മില സാംസണോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്.

Exit mobile version