ദുബായ്: ദുബായ് എമിറേറ്റിലെ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. ദുബായ്‌യില്‍ താമസക്കാരായ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് സൗകര്യമാകുന്ന 90 ദിവസ സന്ദര്‍ശന വിസ അനുവദിച്ചുതുടങ്ങി. ‘ആമിര്‍’ സെന്ററുകള്‍ വഴി അപേക്ഷിച്ച പലര്‍ക്കും മൂന്നുമാസ വിസ ലഭിച്ചതായാണ് അറിയുന്നത്.
വിസ ലഭിക്കാനായി താമസക്കാരന്‍ റീഫണ്ടബ്ള്‍ ഡെപ്പോസിറ്റായി 1000 ദിര്‍ഹം നല്‍കണമെന്ന നിബന്ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രഖ്യാപിച്ച വിസ പരിഷ്‌കരണ പ്രകാരം യുഎഇയില്‍ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസ നിര്‍ത്തലാക്കിയിരുന്നു. ഇതനുസരിച്ച് 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്റ്റ് വിസകളാണ് ഇപ്പോള്‍ അനുവദിച്ചുവരുന്നത്.
എന്നാല്‍, താമസക്കാര്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്‌പോണ്‍സര്‍ ചെയ്യാനുള്ള വിസ ചട്ടം അനുസരിച്ചാണ് നിലവില്‍ മൂന്നുമാസ വിസ അനുവദിക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ക്കു മാത്രമാണ് നിലവില്‍ ഈ വിസ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പുതിയ വിസക്ക് അപേക്ഷ നല്‍കാന്‍ നിലവില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് സാധിക്കുന്നില്ല. വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള അവസരം മാത്രമാണുള്ളത്. ജിഡിആര്‍എഫ്എയുടെ ഓണ്‍ലൈന്‍ സൈറ്റ് വഴിയും ആപ്ലിക്കേഷന്‍ വഴിയും ആമിര്‍ സെന്ററുകള്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. 1770 ദിര്‍ഹമാണ് വിസക്ക് ആകെ ചെലവുവരുന്നത്. 1000 ദിര്‍ഹം ഡെപ്പോസിറ്റും ടൈപ്പിങ് ചാര്‍ജ്, സേവന ഫീസ് എന്നിവ അടക്കം 770 ദിര്‍ഹമുമാണ് ഈടാക്കുന്നത്.