ലണ്ടൻ: ബസ് കാത്തുനിൽക്കവെ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാർ ഇടിച്ച് ബ്രിട്ടനിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്. ഭർത്താവ് രാഹുൽ ശേഖർ മസ്‌കത്തിൽ ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകളാണുള്ളത്.
ലീഡ്‌സിലെ ബെക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രോജക്ട് മാനേജ്‌മെന്റ് വിദ്യാർത്ഥിനി കൂടിയായിരുന്നു ആതിര. അപകടത്തിൽ മധ്യവയസ്‌കനായ മറ്റൊരാൾക്കും പരുക്കുണ്ട്. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ആതിര ഉൾപ്പെടെ നിരവധിപേർ കാത്തുനിന്ന ബസ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു.
ആതിര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒരുമാസം മുമ്പു മാത്രമാണ് ആതിര പഠനത്തിനായി ലീഡ്‌സിൽ എത്തിയത്. ലീഡ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡോ. സാബു ഘോഷും സഹപ്രവർത്തകരും പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം രാവിലെ 8.28നായിരുന്നു ലീഡ്‌സിലെ ആംലിക്കു സമീപം സ്റ്റാനിംഗ് ലീ റോഡിലുള്ള ബസ് സ്റ്റോപ്പിൽ അപകടം നടന്നത്. ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഓടിച്ച വോക്‌സ്വാഗൺ ഗോൾഫ് കാറാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിന്റെ തിട്ടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രാഡ്‌ഫോർഡ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ ആതിരയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.