‘അവസാനമായി തന്റെ പ്രിയപ്പെട്ട മകളോട് യാത്ര പറഞ്ഞാണ് ഹക്കിം യാത്രയായത്’: ദുബായില്‍ കുത്തേറ്റ് മരിച്ച പ്രവാസിയുടെ അവസാന നിമിഷം

ദുബായ്: കഴിഞ്ഞ ദിവസമാണ് ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചത്. പാലക്കാട് തൃക്കല്ലൂര്‍ സ്വദേശി ഹക്കിമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്റ്റീരിയയില്‍ വച്ച് ഹക്കീമിന്റെ സഹപ്രവര്‍ത്തകരും ഒരു പാകിസ്ഥാന്‍ സ്വദേശിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് ഹക്കിമിന് ജീവന്‍ നഷ്ടമായത്.

ഇപ്പോഴിതാ ഹക്കിമിന്റെ അവസാന നിമിഷങ്ങളുടെ നോവുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരി. ഹക്കിമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് അറിയിച്ചുകൊണ്ടാണ് അഷ്റഫിന്റെ കുറിപ്പ്.

‘കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ കൊലപാതകത്തില്‍ നമ്മെ വിട്ടുപിരിഞ്ഞു പോയ പ്രിയ സഹോദരന്‍ പാലക്കാട് തൃക്കല്ലൂര്‍ കല്ലംകുഴി പടലത്ത് ഹക്കീമിന്റെ (36) തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. നെസ്റ്റോ സിദ്ധീക്ക അടക്കമുള്ളവരുടെ അകമഴിഞ്ഞ സഹകരണത്തോടെ മയ്യിത്ത് ഇന്ന് രാത്രി പന്ത്രണ്ട് മണിയോട് കൂടിയുള്ള ഷാര്‍ജ – കോഴിക്കോട് എയറിന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും. വളരേ സങ്കടകരമായ സംഭവമായിപ്പോയി ഇത്.

ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപമുള്ള കഫ്തീരിയയില്‍ എത്തിയ പ്രിയ സഹോദരന്‍ ഹക്കീം അവിടെയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രതി കുത്തുകയായിരുന്നു. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃങ്കാലയായ് നെസ്റ്റോയിലെ ജീവനക്കാരനായ ഹക്കീം എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹക്കീമിന് കുത്തേറ്റത്. അപതീക്ഷിതമായ ആക്രമണം നേരിടേണ്ടി വന്ന ഹക്കീമിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രികിടക്കയില്‍ കിടന്ന് അവസാനമായി ആശങ്കപ്പെട്ടത് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. പ്രിയപ്പെട്ട മകളോട് ഫോണിലൂടെ യാത്ര പറഞ്ഞ് കലിമ ചൊല്ലിയാണ് രണ്ടു പിഞ്ചു മക്കളുടെ പിതാവായ ഈ ചെറുപ്പക്കാരന്‍ യാത്രയായത്. അവസാന ശ്വാസത്തിലും തന്റെ പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മകളുമായാണ് വിടപറഞ്ഞത്. ഈ സഹോദരന്റെ ആഹിറം അല്ലാഹു അനുഗ്രഹീതമാക്കട്ടെ. ….
ഇദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ തീരാ നഷ്ടത്തില്‍ ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ’.

Exit mobile version