ദുബായ്: അമിതമായി മദ്യപിച്ച് ദുബായിലെ ഒരു ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയ യൂറോപ്യന്‍ സഞ്ചാരിയെ പോലീസ് പൂക്കള്‍ നല്കി വിട്ടയച്ചു. ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ചതായും പരാതി ഉണ്ട്.
സംഭവത്തെ കുറിച്ച് അല്‍ റഫ പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് ബിന്‍ ഗഹ്ല്ട്ടിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു….
നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നും അതിഥിയുടെ പെരുമാറ്റത്തെകുറിച്ച് പോലീസിന് വിളി വന്നിരുന്നു. അയാള്‍ അമിതമായി കുടിച്ചിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു. ശേഷം പട്രോള്‍ സംഘം ഹോട്ടലില്‍ എത്തുകയും പ്രശ്നക്കാരനെ കണ്ടെത്തുകയും ചെയ്തു.
ഇയാളെ പോലീസ് നിര്‍ബന്ധിച്ച് സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും
ഇയാള്‍ ചെറുക്കുകയും രൂക്ഷമായി പെരുമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് വളരെ പണിപെട്ടാണ് അക്രമിയെ കസ്റ്റഡിയിലെടുത്തത്. അക്രമത്തില്‍ പോലീസിന് പരുക്ക് പറ്റി. ഇയാളുടെ കുടുംബത്തെയും എംബസ്സി അധികൃതരെയും വിവരമറിയിച്ചു. എന്നാല്‍, അല്പസമയം കഴിഞ്ഞപ്പോള്‍ സഞ്ചാരി തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുകയും എന്താണ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നും പറഞ്ഞു.
പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാവരുമായും സംസാരിക്കുകയും വിഷയം ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പ്രശ്നമുണ്ടാക്കിയ യൂറോപ്യന്‍ സഞ്ചാരി യുവതിയോടും പോലീസ് ഉദ്യോഗസ്ഥനോടും മാപ്പുപറയുകയും ചെയ്തു. ഇയാളെ പുറത്തുവിടുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ നല്‍കിയാണ് യാത്രയാക്കിയത്.
Discussion about this post