ദുബായ്: അതിശക്തമായ മഴ കണ്ടുകൊണ്ടാണ് ദുബായിലെ ജനങ്ങള്‍ കഴിഞ്ഞദിവസം ഉറക്കമെഴുന്നേറ്റത്. ഇരുട്ടുമൂടിയ ആകാശവും വെള്ളം നിറഞ്ഞ റോഡുകളുമായി നഗരത്തിലാകെ പതിവില്ലാത്ത കാലാവവസ്ഥ. പലരും മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
അതിനിടെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിമിഷ നേരം കൊണ്ട് വന്‍ ജനശ്രദ്ധ നേടി. പെരുമഴയില്‍ ദുബായ് നഗരത്തിന് കുടയൊരുക്കുന്ന ബുര്‍ജ് ഖലീഫയുടെ ആ കംപ്യൂട്ടര്‍ അനിമേറ്റഡ് വീഡിയോ പിന്നാലെ യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും സോഷ്യല്‍ മീഡിയ സ്റ്റാറ്റസായി മാറി.
ശൈഖ് ഹംദാന്‍ പങ്കുവെച്ച വീഡിയോ എന്നതിലപ്പുറം മഴക്കാലത്തെ ഒരു കൗതുക കാഴ്ചയ്ക്ക് കിട്ടുന്ന പ്രധാന്യം കൊണ്ടു കൂടി സെക്കന്റുകള്‍ മാത്രമുള്ള ആ വീഡിയോ ക്ലിപ്പ് വൈറലായി. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ അതിന്റെ ഏതാണ്ട് പകുതിക്ക് മുകളില്‍ വെച്ച് രണ്ടായി പിളരുകയും ഒരു കുട അതിനകത്ത് നിന്ന് പുറത്തുവരുന്നതുമാണ് വീഡിയോയിലുള്ളത്.
സുതാര്യമായ ആ കുടയില്‍ ദുബായ് ഡെസ്റ്റിനേഷന്‍ എന്ന ഹാഷ് ടാഗും കാണാം. മണിക്കൂറുകള്‍ കൊണ്ടുതന്നെ വീഡിയോക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു.