അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിര്‍ഹം) നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി.
തമിഴ്‌നാട് സ്വദേശിയായ ഖാദര്‍ ഹുസൈന്‍ (27)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഖാദര്‍ ഷാര്‍ജയിലെ കാര്‍ വാഷ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
ഖാദര്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാദറിന് ഭാഗ്യം ലഭിച്ചത്. നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയിരുന്നതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
തന്റെ തന്നെ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനൊപ്പമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി പങ്കിടും. പ്രതിമാസം 1,500 ദിര്‍ഹം ശമ്പളത്തിനാണ് ഖാദര്‍ ഹുസൈന്‍ ജോലി ചെയ്യുന്നത്. സുഹൃത്ത് 1200 ദിര്‍ഹത്തിനും. തനിക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും എത്ര വര്‍ഷം ജോലി ചെയ്താലും ഇത്രയേറെ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും ഖാദര്‍ ഹുസൈന്‍ പറഞ്ഞു.
ഭാഗ്യം ലഭിച്ച വിവരമറിയുമ്പോള്‍ ഞാന്‍ നാട്ടില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ആദ്യം തന്നെ ദൈവത്തിന് നന്ദി പറഞ്ഞു. ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇനി ജീവിതം പൂര്‍ണമായും മാറുമെന്ന് ഖാദര്‍ പറയുന്നു.
എനിക്ക് ഇനിയും യുഎഇയില്‍ താമസിക്കണം. കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം. സമ്മാനം കുടുംബത്തെയാകെ സന്തോഷിപ്പിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഒരു വീട് പണിയണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് ഖാദര്‍ ഹുസൈന്‍ പറഞ്ഞു.
വാടക വീട്ടിലാണ് താമസിക്കുന്നത്, എനിക്കും എന്റെ മാതാപിതാക്കള്‍ക്കുമായി ഒരു വീട് പണിയണം. അഞ്ചു വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഇനി സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ തന്നെ സമ്മാനം കൈപ്പറ്റാന്‍ യുഎഇയില്‍ തിരിച്ചെത്താനിരിക്കുകയാണ്.
Discussion about this post