‘നെയ്മര്‍…’ഒരൊറ്റ വിളിപ്പുറത്ത് ഹീറോ കണ്‍മുന്നിലെത്തി, കെട്ടിപ്പിടിച്ചു:വീല്‍ചെയറിലായ ആരാധകന്റെ സ്വപ്‌നം സഫലമാക്കി താരം

ദോഹ: ലോകകപ്പും ലോകതാരങ്ങളെയുമെല്ലാം നേരില്‍ കാണണം ആ ആഗ്രഹത്തിലാണ് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കുഞ്ഞാന്‍ ദോഹയിലേക്ക് പുറപ്പെട്ടത്. ഇപ്പോഴിതാ ഖത്തറിലെത്തി ഇഷ്ടതാരത്തെയും ഇഷ്ട ടീമിലെ പ്രിയ താരങ്ങളെയും നേരില്‍ കണ്ട സന്തോഷത്തിലാണ് കുഞ്ഞാന്‍.

ഒരൊറ്റ വിളിപ്പുറത്ത് ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ വന്നു, കൈ തന്നു. കുഞ്ഞാന് പിടിച്ചുനില്‍ക്കാനായില്ല. കൂട്ടിയണച്ച്, കെട്ടിപ്പിടിക്കുകയും ചെയ്തു. ടീമിലെ സൂപ്പര്‍താരങ്ങളും വന്ന് ഷെയ്ക് ഹാന്‍ഡ് തന്നു.

പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-ദക്ഷിണ കൊറിയ മത്സരത്തിനുതൊട്ടുമുന്‍പ് ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് ടണല്‍ വഴി താരങ്ങള്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കായി താരങ്ങളെ നേരില്‍ കാണാന്‍ ഇവിടെ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ഈ സമയത്താണ് താരങ്ങളെ കാണാനുള്ള അപൂര്‍വഭാഗ്യം ലഭിച്ചത്. ബ്രസീല്‍ താരങ്ങളായ ആല്‍വസ്, റിച്ചാലിസന്‍, ഫ്രെഡ്, ആന്റണി, റോഡ്രിഗോ, മാര്‍ക്വിനോസ്, മില്‍റ്റാവു എന്നിവരെല്ലാം വന്ന് കൈകൊടുക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.

ഒടുവിലാണ്, കാത്തുകാത്തിരുന്ന നിമിഷമെത്തിയത്. മുന്നിലൂടെ കടന്നുപോകുന്നത് സാക്ഷാല്‍ നെയ്മര്‍. വിശ്വസിക്കാനാകാത്ത നിമിഷം. എല്ലാ സഹായങ്ങളുമായി ഒപ്പം സഞ്ചരിക്കുന്ന സുഹൃത്ത് ഷിഹാബ് പേരുവിളിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം മടിച്ചു. ഒടുവില്‍, മടിച്ചുമടിച്ചാണെങ്കിലും ഒരൊറ്റ വിളി; ‘നെയ്മര്‍…’

താരം തിരിഞ്ഞുനോക്കുക മാത്രമല്ല, മടങ്ങി വന്ന് നേരെ കൈനീട്ടി. വികാരനിമിഷത്തില്‍ കുഞ്ഞാന്‍ താരത്തെ ആഞ്ഞ് അണച്ചുപിടിച്ചു. കെട്ടിപ്പിടിച്ച് കവിളില്‍ മുത്തം നല്‍കുകയും ചെയ്തു. തൊട്ടടുത്ത് വീല്‍ചെയറില്‍ ഇരുന്ന ഖത്തറില്‍ നിന്നുള്ള കുഞ്ഞ് ആരാധികയ്ക്കും കൈകൊടുത്താണ് താരം മടങ്ങിയത്. സ്വപ്‌നം സഫലമായ വൈകാരിക നിമിഷങ്ങളുടെ വിഡിയോ കുഞ്ഞാന്‍ യൂട്യൂബിലും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചു.

Read Also: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിച്ച് വിദ്യാര്‍ഥിനി: പിടുത്തം വിട്ട് ട്രാക്കിലേക്ക്; ഓടിയെത്തി രക്ഷിച്ച് റെയില്‍വേ പോലീസ്; സ്വന്തം ജീവന്‍ പണയംവച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് കൈയ്യടി

മത്സരത്തിന് തൊട്ടുമുന്‍പ് കുഞ്ഞ് ആരാധികയ്ക്കൊപ്പം ഗ്രൗണ്ടിലിറങ്ങാനുള്ള ഭാഗ്യവും ലഭിച്ചു. ദേശീയഗാനം ആലപിക്കുന്ന സമയത്ത് താരങ്ങള്‍ക്കൊപ്പം വീല്‍ചെയറില്‍ ഇരുവരും ഗ്രൗണ്ടില്‍ അണിനിരന്നു. സത്യമാണോ സ്വപ്നമാണോ എന്നറിയാത്ത അവസ്ഥയാണെന്ന് കുഞ്ഞാന്‍ പറയുന്നു.

നാട്ടില്‍നിന്ന് പോരുമ്പോള്‍ ഇതൊന്നും സ്വപ്നം പോലും കണ്ടിരുന്നില്ല. ഇങ്ങനെയൊരു നിമിഷത്തിന് അവസരം ഒരുക്കിയതില്‍ ഖത്തര്‍ ഭരണാധികാരിയോടും ഫിഫ അധികൃതരോടുമെല്ലാം ഏറെ നന്ദിയുണ്ടെന്നും കുഞ്ഞാന്‍ പറയുന്നു.

ചെറിയ പ്രായത്തില്‍ തന്നെ പോളിയോ ബാധിച്ച് അരക്കുതാഴെ തളര്‍ന്നതാണ് കുഞ്ഞാന്‍. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് മുന്‍പില്‍ പ്രതിസന്ധികള്‍ ഒന്നും തടസമായില്ല. വീല്‍ചെയറില്‍ ലോകം കീഴടക്കുകയാണ് ഈ യുവാവ്. walk with kunjan എന്ന പേരില്‍ സ്വന്തമായൊരു യൂട്യൂബ് അക്കൗണ്ടുണ്ട്. യാത്രകളും ജീവിതത്തിലെ പ്രിയ നിമിഷങ്ങളും സ്വപ്ന സാഫല്യങ്ങളുമെല്ലാം പങ്കുവയ്ക്കുന്നത് അവിടെയാണ്.

Exit mobile version