2019ലെ ലോകത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒമാനും ഇടം പിടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് രാജ്യത്തിന് പ്രമുഖ സ്ഥാനം ലഭിച്ചത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നതോടെ ഒമാനിലേക്കുള്ള വിമാന സര്‍വീസുകളും യാത്രക്കാരും വര്‍ദ്ധിച്ചു. ഒമാനില്‍ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ടെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ബുസ്താന്‍ കൊട്ടാരം 18 മാസത്തെ നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം തുറക്കുന്നതും വിനോദസഞ്ചാരികളുടെ ഒഴിക്ക് വര്‍ദ്ധിക്കും.
മസ്‌കറ്റ് റോയല്‍ ഒപേര ഹൗസ് ജനുവരിയില്‍ വിപുലമായ നവീകരണം നടത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് അറിവ് പകരുന്നതിനുള്ള എക്‌സ്പീരിയന്‍സ് ഒമാന്‍ വെബ്‌സൈറ്റ് ആറ് ഭാഷകള്‍ കൂടെ ഉള്‍പ്പെടുത്തിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മന്‍, ഡച്ച് ഭാഷകളിലാണ് ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് അക്കൗണ്ടുകള്‍ ലഭ്യമാക്കിയത്. വിവിധ രാജ്യങ്ങളിലുള്ള ആളുകള്‍ക്ക് ഒമാനിലെ വിനോദസഞ്ചാര മേഖലയെ കുറിച്ച് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തിയത്.