ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക് യുഎഇയിലെ കൈപിടിച്ചുയര്‍ത്തിയ ശൈഖ് മുഹമ്മദിനെ ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്.
50 വര്‍ഷം മുന്‍പ് 1968ലാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് പോലീസ് മേധാവിയായി ആദ്യ ഔദ്ദ്യോഗിക ചുമതലയേല്‍ക്കുന്നത്. 1971 ഡിസംബര്‍ രണ്ടിന് യുഎഇ രൂപീകൃതമായപ്പോള്‍ അദ്ദേഹം ആദ്യ പ്രതിരോധ മന്ത്രിയായി. സഹോദരന് ശൈഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മരണശേഷം 2006 ജനുവരി നാലിന് ദുബായ് ഭരണാധികാരിയായി അധികാരമേറ്റു. പിന്നീട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി നിയമിതനായി.
2021ഓടെ യുഎഇയിലെ ലോകത്തെ ഏറ്റവും മികച്ച രാഷ്ട്രങ്ങളിലൊന്നായി മാറ്റാന്‍ ലക്ഷ്യമിട്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2007ലാണ് യുഎഇ വിഷന്‍ 2021 പ്രഖ്യാപിച്ചത്. ആഗോള നഗരമായി ദുബായിയെ മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും ശൈഖ് മുഹമ്മദ് തന്നെ. ദുബായ് ഗ്ലോബല്‍ സിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഡിപി വേള്‍ഡ്, ജുമൈറ ഗ്രൂപ്പ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍, പാം ഐലന്റ്സ്, ബുര്‍ജ് അല്‍ അറബ്, ബുര്‍ജ് ഖലീഫ എന്നിങ്ങനെ ലോകത്തിന് മുന്നില്‍ ദുബായ് അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്ന നേട്ടങ്ങളുടെയെല്ലാം ബുദ്ധികേന്ദ്രവും ശൈഖ് മുഹമ്മദ് തന്നെയാണ്.
ഈ രാജ്യവും ഇവിടുത്തെ ജനങ്ങളും ലോകവുമെല്ലാം അദരിക്കുന്ന നേതാവാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമെന്ന് അബുദാബി കിരീടാവകാശി പറഞ്ഞു. ശൈഖ് സായിദിന്റെ വര്‍ഷത്തില്‍ തന്നെ അദ്ദേഹം രാഷ്ട്ര സേവനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. ഞാനടക്കമുള്ള തലമുറകള്‍ നിങ്ങളില്‍ നിന്നാണ് പഠിച്ചത്. ദൈവത്തിന്റെ സഹായത്തോടെ നമ്മള് ഈ രാജ്യത്തിന്റെ പേര് കൂടുതല്‍ ഉയരങ്ങളിലെത്തിക്കും-അദ്ദേഹം പറഞ്ഞു. കിരീടാവകാശിയുടെ വാക്കുകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ശൈഖ് മുഹമ്മദും ട്വീറ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിലെ ജനങ്ങള്‍ക്കായി നമ്മള് സ്വന്തം ജീവിതം സമര്‍പ്പിക്കുമ്പോള്‍ അവര്‍ സ്നേഹവും അംഗീകാരവും തിരികെ നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് എപ്പോഴും ആത്മാര്ത്ഥതയുള്ളവരായിരിക്കുമെന്ന് തങ്ങള്‍ പ്രതിജ്ഞയെടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post