അബുദാബി: സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 49കാരന് യൂണിയന്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചു. യുഎഇ പൗരന്‍ അഹ്മദ് മന്‍സൂര്‍ അല്‍ ഷാഹിക്കാണ് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചത്.
രാജ്യത്തെയും വിദേശ നയത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ഇയാള്‍ പ്രചരിപ്പിച്ചുവെന്ന് കോടതി കണ്ടെത്തുകയും തുടര്‍ന്ന് ശിക്ഷ വിധിക്കുകയുമായിരുന്നു.
ശിക്ഷ അനുഭവിച്ചു തുടങ്ങിയാല്‍ ആദ്യത്തെ മൂന്ന് വര്‍ഷം ഇയാള്‍ കോടതിയുടെ നിരീക്ഷണത്തിലുമായിരിക്കും. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കാനും ഇയാള്‍ നിര്‍മ്മിച്ച ഉള്ളടക്കങ്ങളെല്ലാം ഡിലീറ്റ് ചെയ്യാനും അത് പ്രസിദ്ധീകരിച്ച വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, തീവ്രവാദ സംഘടകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാനാവാത്തതിനാല്‍ കോടതി ആ കേസുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കേസില്‍ മേയിലാണ് അബുദാബി അപ്പീല്‍ കോടതി ഇയാളുടെ ശിക്ഷ ആദ്യം ശരിവെച്ചത്. സുപ്രീം കോടതിയുടെ വിധി അന്തിമമായതിനാല്‍ ഇനി ഇയാള്‍ക്ക് അപ്പീല്‍ നല്‍കാനാവില്ല.