അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും മലയാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. മലയാളിയായ സന്ദീപ് പൊന്തിപ്പറമ്പിലിനാണ് ഇത്തവണ ബിഗ് ടിക്കറ്റ് കോടികളുടെ ഭാഗ്യം സമ്മാനിച്ചത്.
ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലാണ് സന്ദീപ് വിജയിയായത്. ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനം. 13 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സന്ദീപ്, ഇപ്പോള്‍ സീനിയര്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്.
ബിഗ് ടിക്കറ്റിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ സന്ദീപ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി തന്റെ 20 സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ടിക്കറ്റെടുക്കാറുണ്ട്.
സമ്മാനം ലഭിച്ച വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അദ്ദേഹം അടക്കനാവാത്ത സന്തോഷം മറച്ചുവെച്ചില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ആ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയതിന്റെ എല്ലാ ആഹ്ലാദവും ആ വാക്കുകളിലുണ്ടായിരുന്നു.
എന്നാല്‍ ഇതോടെ ടിക്കറ്റെടുക്കുന്നത് നിര്‍ത്താനൊന്നും സന്ദീപിന് പദ്ധതിയില്ല. എന്നെങ്കിലും ഒരിക്കല്‍ ഗ്രാന്റ് പ്രൈസ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയില്‍ തുടര്‍ന്നും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കാനാണ് സന്ദീപിന്റെ തീരുമാനം.