റിയാദ്: ചെറുകിട സ്ഥാപനങ്ങളിലും സ്വദേശിവത്കരണം കര്‍ശ്ശനമാക്കിയതോടെ തൊഴില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നത് ഒന്നരലക്ഷത്തോളം പ്രവാസികള്‍ക്കാണ്. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങളായ ബഖാലകളില്‍ പ്രഖ്യാപിക്കപ്പെട്ട സ്വദേശിവത്കരണം പൂര്‍ണ്ണമായി നടപ്പിലായാല്‍ ഒന്നര ലക്ഷത്തിലധികം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് അനുമാനം. ബിനാമി ബിസിനസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖുസൈബി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്വദേശിവത്കരണം നടപ്പാക്കുക വഴി മുപ്പത്തയ്യായിരത്തോളം സ്വദേശികള്‍ക്ക് ഉടന്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. മാജിദ് അല്‍ഖുസൈബി പറഞ്ഞു. ഘട്ടംഘട്ടമായി ഇത് വര്‍ധിപ്പിക്കാനാണ് ശ്രമം. സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നതിനൊപ്പം ഇത്തരം സ്ഥാപനങ്ങളുടെ പണമിടപാടുകള്‍ നിരീക്ഷിക്കാനും തീരുമാനമുണ്ട്. ബഖാലകള്‍ നടത്തുന്നവര്‍ വഴി രാജ്യത്തിന് പുറത്തേക്കു വന്‍തോതില്‍ പണം പോകുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിവര്‍ഷം 600 കോടി റിയാല്‍ ഇങ്ങനെ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. ഇത് തടയാനാണ് ശ്രമം.
Discussion about this post