കോഴിക്കോട്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗം ഇനിയും മലയാളികൾക്ക് ഉൾകൊള്ളാനായിട്ടില്ല. 80 ആം വയസിൽ ആണ് രാമചന്ദ്രൻ ലോകത്തോട് വിടപറഞ്ഞത്.
വർഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന വിശ്വാസത്തോടെ നാട്ടിലേക്ക് മടങ്ങാം എന്ന് ആഗ്രഹിച്ചിരിക്കവേയാണ് രാമചന്ദ്രനെ വിധി കവർന്നത്. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയിൽ രാമചന്ദ്രൻ മരിച്ചത്.
വൈശാലി ഉൾപ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിർമ്മാതാവ് കൂടിയായിരുന്നു അദ്ദേഹം. സിനിമാ നിർമ്മാതാവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സിൽ വന്ന പിഴവുകൾ അദ്ദേഹത്തെ 2015 ഓഗസ്റ്റിലിൽ ജയിലിലാക്കി.
അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു: ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ഇനി ഓര്‍മ്മ
രണ്ടേമുക്കാൽ വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇന്ത്യയിലേക്ക് വരാനായില്ല. അപ്പോഴേക്കും മിക്കവാറും സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തൽക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീർത്തത്.
ഇതിനിടെ യുഎഇ യിലുള്ള ഷോറൂമുളിലെ സ്വർണ്ണമെല്ലാം പല രീതിയിൽ കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്‌ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. തന്റെ എല്ലാ പ്രശ്‌നങ്ങളും തീർത്ത് മടങ്ങി വരാൻ ആഗ്രഹിച്ചു ഇരിക്കാവേയാണ് അറ്റ്ലസ് രാമചന്ദ്രന്റെ വിയോഗം.