ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു (80). വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. അറ്റ്ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ്. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കിയ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്ലസ് രാമചന്ദ്രന്‍, ജീവിതത്തിലെ കൊടിയ പ്രതിസന്ധികളിയും പുഞ്ചിരിയോടെ പിടിച്ചുനിന്ന അപൂര്‍വ വ്യക്തിത്വത്തിനുടമയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ പ്രിയപ്പെട്ടവരോടൊപ്പം തന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്. അതിര്‍ത്തികള്‍ കടന്ന് അറ്റ്ലസ് എന്ന ബിസിനസ് സംരംഭം വളര്‍ന്നപ്പോഴും തളര്‍ന്നപ്പോഴും ലോകമലയാളികള്‍ ആ മനുഷ്യനെ പുഞ്ചിരിയും സ്നേഹവും കലര്‍ന്ന മുഖത്തോടെയാണ് കണ്ടിട്ടുള്ളത്…
വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്‌ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലും സിനിമ മേഖലയില്‍ സജീവമായിരുന്നു.
തകര്‍ച്ചയെ അതിജീവിച്ച അദ്ദേഹം പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അറ്റ്‌ലസ് എന്ന ബ്രാന്‍ഡ് പേര് എക്കാലവും നിലനില്‍ക്കുമെന്നും ഉടന്‍ തിരിച്ചെത്തുമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.