ചെന്നൈ: സുഹൃത്തിന്റെ സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് കേസിലകപ്പെട്ട് ദുബായില്‍ കുടുങ്ങിയ കാര്‍ത്തികേയനും കുടുംബവും പതിനാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്.
തമിഴ്നാട് മധുര ശിവംഗഗൈ സ്വദേശി കാര്‍ത്തികേയനും ഭാര്യ കവിതയും നാല് മക്കളും സുമനസ്സുകളുടെ കാരുണ്യത്തിലാണ് നാട്ടിലേക്കെത്തിയത്.
ലക്ഷങ്ങളുടെ പിഴ എഴുതിത്തള്ളിയ ദുബായ് എമിഗ്രേഷന്റെ കാരുണ്യവും വായ്പയില്‍ ഇളവ് നല്കിയ ബാങ്കുകളുടെ ദയയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും അഭിഭാഷകരുടെയും ഇടപെടലുമാണ് കാര്‍ത്തികേയനും കുടുംബത്തിനും തുണയായത്.
2008 മുതല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ദുരിതത്തിലായിരുന്നു ഇവര്‍. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശിയായ പി.ആര്.ഒ വിശ്വാസവഞ്ചന കാണിച്ചതോടെയാണ് ഇവര്‍ പെരുവഴിയിലായത്. മറ്റൊരു സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന കവിത തന്റെ രേഖകള്‍ ഉപയോഗിച്ച് 11 ബാങ്കില്‍ നിന്ന് നാല് ലക്ഷം ദിര്‍ഹം (80 ലക്ഷം രൂപ) വായ്പയെടുത്ത് ഇയാള്‍ക്ക് നല്‍കിയിരുന്നു.
എന്നാല്‍, പണം തിരികെ നല്‍കുകയോ രേഖകള്‍ ശരിയാക്കുകയോ ചെയ്യാതെ ഇയാള്‍ വഞ്ചിച്ചു. വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ ബാങ്കുകള്‍ കേസ് കൊടുത്തു. ജയില്‍ശിക്ഷ ഉള്‍പ്പെടെ നിയമനടപടികള്‍ നേരിടേണ്ടി വന്നു. പണമില്ലാത്തതിനാല്‍ കുട്ടികളെ സ്കൂളില്‍ പോലും ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതിനിടയിലാണ് ഇളയ രണ്ട് കുട്ടികളുണ്ടായത്. വീട്ടിലായിരുന്നു പ്രസവം. ഭക്ഷണവും താമസ സ്ഥലവുമില്ലാതെ പെരുവഴിയിലായി. പാസ്പോര്‍ട്ട് പിടിച്ചുവച്ചതിനാല്‍ നാട്ടില്‍ പോകാനും കഴിയാത്ത അവസ്ഥയായിരുന്നു.
പാസ്പോര്‍ട്ടിന്റെയും വിസയുടെയും കാലാവധി കഴിഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ സുമനസുകള്‍ നല്കിയ സഹായമായിരുന്നു ഏക വരുമാനമാര്‍ഗം. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് 2015ല്‍ ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിതെളിഞ്ഞു. എന്നാല്‍, കൃത്യസമയത്ത് എന്‍.ഒ.സി കിട്ടാത്തതിനാല്‍ യാത്ര വൈകി.
ഇതിനിടെ ബാങ്കുകള്‍ വീണ്ടും കേസ് കൊടുത്തു. അല്‍കെത്ബി അഡ്വക്കേറ്റ്സിലെ അഡ്വ. അജ്മലിന്റെ നേതൃത്വത്തിലായിരുന്നു കാര്‍ത്തികേയനെ രക്ഷിക്കാനുള്ള നിയമസഹായം ചെയ്തത്. ബാങ്കുകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വായ്പയില്‍ വന്‍ ഇളവ് നല്കി. ചാരിറ്റി സംഘടനകള്‍ വഴിയും വിവിധ അസോസിയേഷനുകള്‍ വഴിയും കിട്ടിയ തുക ബാങ്കില്‍ അടച്ചു. വിസയും പാസ്പോര്‍ട്ടുമില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയതിന് ലക്ഷങ്ങള്‍ പിഴയുണ്ടായിരുന്നു. എന്നാല്‍, ദുബായ് എമിഗ്രേഷന്‍ ഇതെല്ലാം എഴുതിത്തള്ളി.
ജനന സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്ത കുട്ടികള്‍ക്ക് രേഖകള്‍ ശരിയാക്കി നല്കി ഇന്ത്യന്‍ കോണ്‍സുലേറ്റും സഹായിച്ചു. ഏത് നിമിഷവും യാത്രമുടങ്ങിയേക്കാം എന്ന ആശങ്കയുള്ളതിനാല്‍ അധികമാരോടും യാത്ര പറയാതെയാണ് കാര്‍ത്തികേയനും കുടുംബവും നാട്ടിലേക്ക് വിമാനം കയറിയത്.
Discussion about this post