ദുബായ്: ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രചോദക പ്രഭാഷകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഗോപിനാഥ് മുതുകാടിന് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് 10 വർഷത്തെ വിസ ലഭിച്ചത്. മുതുകാട് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രവാസലോകത്തിന്റെ ആദരവ് സൂചകമായാണ് ഈ വിസ മുതുകാടിന് സമ്മാനിച്ചതെന്ന് ഇഖ്ബാൽ മാർക്കോണി പറയുന്നു.
നേരത്തെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി മുഴുവൻ സമയം പ്രവർത്തിക്കുന്നതിനായി തന്റെ മാജിക് തന്നെ മുതുകാട് ഉപേക്ഷിച്ചിരുന്നു. ഈ തീരുമാനത്തിന് നിരവധി അഭിനന്ദനങ്ങളും മുതുകാടിന് ലഭിച്ചിരുന്നു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസകൾ നൽകുന്നത്. കാലാവധി പൂർത്തിയാവുമ്പോൾ പുതുക്കി നൽകുകയും ചെയ്യും.