ദുബായ്: ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനിരിക്കുമ്പോള്‍ എല്ലാവരേയും അമ്പരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ദുബായ് നഗരം. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിവാണ് ആഘോഷ രാവ്. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനങ്ങളാണ് ബുര്‍ജ് ഖലീഫയിലെ ഇത്തവണത്തെ ഹൈലൈറ്റ്. കൂട്ടത്തില്‍ ലേസര്‍ ഷോയും. 10 ടണ്ണോളം കരിമരുന്ന് മാനത്ത് വര്‍ണ്ണക്കാഴ്ച്ചകള്‍ തീര്‍ക്കും. 685 സ്ഥാനങ്ങളിലാണ് വെടിക്കോപ്പുകള്‍ സ്ഥാാപിച്ചിരിക്കുന്നത്. നൂറിലേറെ വിദഗ്ധരുടെ ആറുമാസത്തെ മുന്നോരുക്കങ്ങളും രണ്ടു മാസത്തെ കഠിനപ്രയ്തനവുമാണ് ദുബായിയുടെ ആകാശത്ത് പൂരക്കാഴ്ചകള്‍ തീര്‍ക്കുന്നത്.
പുതുവര്‍ഷപ്പിറവിയില്‍ ബുര്‍ജ് ഖലീഫയില്‍ തുടങ്ങുന്ന കരിമരുന്ന് പ്രകടനം മറ്റിടങ്ങളിലേക്കും വ്യാപിക്കും. 23 മിനുട്ടോളം നീണ്ട് നില്‍ക്കുന്ന വെടിക്കെട്ട് വിസ്മയം ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന കരിമരുന്ന പ്രകടനം ആസ്വദിക്കാന്‍ പത്തുലക്ഷത്തോളം വിദേശസഞ്ചാരികള്‍ ഡൗണ്‍ ടൗണിലേക്കൊഴുകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്രത്യേക വേദികളും ബുര്‍ജിന് ചുവട്ടില്‍ ഒരുക്കിയിട്ടുണ്ട്. പഴതുകളടച്ച സുരക്ഷയ്ക്കായി രണ്ടായിരം പോലീസുകാരെ ആഘോഷ നഗരിയില്‍ വിന്യസിക്കും.അവിസ്മരണീയമായ വര്‍ണ്ണക്കാഴച്ചകള്‍ക്ക് സാക്ഷ്യം വഹിക്കനെരുങ്ങുകയാണ് ദുബായി നഗരം.