സൗദി അറേബ്യയിലെ ജയിലുകളിലെ മലയാളികളെക്കുറിച്ച് ഒരു വിവരവും അറിയില്ലെന്ന് പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക അറിയിച്ചു. ജയിലില്‍ കിടന്ന എത്രപേരെ തിരിച്ച് നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ചപ്പോഴും അറിയില്ലെന്നാണ് നോര്‍ക്കയുടെ മറുപടി.
സൗദി ജയിലില്‍ 37 സ്ത്രീകള്‍ ഉള്‍പ്പെടെ 2,230 മലയാളികളാണ് കഴിഞ്ഞമാസം വരെ തടവുകാരായുള്ളത്. ഇതില്‍ 11 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുമാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയുടെ കണക്കുകള്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ വകുപ്പായ നോര്‍ക്കയുടെ കൈയില്‍ ഈ വിവരങ്ങളൊന്നും ഇല്ല.
ലക്ഷങ്ങളാണ് നോര്‍ക്ക റൂട്‌സിലെ ഉദ്യോഗസ്ഥര്‍ക്കായി ശമ്പളയിനത്തില്‍ മാസംതോറും സര്‍ക്കാര്‍ ചിലവഴിക്കുന്നത്. എന്നാല്‍ വിദേശ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനായി ലഭിക്കുന്ന അപേക്ഷകളില്‍ അതാത് നയതന്ത്രകാര്യാലയങ്ങളുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിച്ചുവരുന്നെന്നാണ് നോര്‍ക്കയുടെ വിശദീകരണം.