ബഹ്‌റൈന്‍: അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലമാകുന്നു, പതിമൂന്ന് വര്‍ഷത്തിന് ശേഷം അച്ഛന്‍ അരികിലെത്തുകയാണ്. പതിമൂന്ന് വര്‍ഷമായി കുടുംബവുമായി യാതൊരു ബന്ധമില്ലാതിരുന്ന തിരുവനന്തപുരം കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ കെ ചന്ദ്രനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്നത്.
ബഹ്‌റൈന്‍ പ്രവാസിയായിരുന്ന കെ ചന്ദ്രനെ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്ത് അറിയിച്ചു. 2009 ഓഗസ്റ്റ് 18ന് ബഹ്‌റൈനിലെത്തിയ ഇയാള്‍ പിന്നീട് വിസ പുതുക്കാതെ ഇവിടെ അനധികൃതമായി കഴിയുകയായിരുന്നു.
പിതാവിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്ന മകള്‍ അഞ്ജു അവസാന ശ്രമമെന്ന നിലയിലാണ് തന്റെ പിതാവിനെ കണ്ടെത്താന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട സുധീര്‍ തിരുനിലത്ത് ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ചന്ദ്രനായി രാപ്പകലില്ലാതെ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ രാപ്പകല്‍ ഇല്ലാതെ വ്യാപകമായ തെരച്ചില്‍ നടത്തിയത്.
Read Also:നിശ്ചയം കഴിഞ്ഞ് സ്ത്രീധനവുമായി മുങ്ങി; നവവരനെ കൈയ്യോടെ പിടികൂടി യുവതി, വീഡിയോ
ഒടുവില്‍ അംവാജില്‍ നിര്‍മ്മാണത്തൊഴിലാളിയായ ചന്ദ്രനെ മുഹറഖില്‍ നിന്നും ഇവര്‍ കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ നിന്ന് ലഭിച്ച ഔട്ട് പാസ് ഉപയോഗിച്ച് നാട്ടിലേയ്ക്ക് യാത്ര പുറപ്പെട്ട ചന്ദ്രന്റെ എമിഗ്രേഷന്‍ സംബന്ധമായ മുഴുവന്‍ ചിലവുകളും വഹിച്ചത് വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സിലും യാത്രയ്ക്കായി ടിക്കറ്റ് നല്‍കിയത് ദേവ്ജി ഗ്രൂപ്പുമാണ്.
തനിക്ക് സഹായം നല്‍കിയ ബഹ്‌റൈന്‍ ഭരണകൂടത്തിനും, ഇന്ത്യന്‍ എംബസിക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കും, വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സിലിനും, ദേവ്ജി ഗ്രൂപ്പിനും ചന്ദ്രന്‍ യാത്രാ വേളയില്‍ നന്ദി അറിയിച്ചു.