ദുബായ്: കുട്ടികളുടെ സുരക്ഷയ്ക്കായി റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ ശക്തമാക്കി ദുബായ് ആര്‍ടിഎ. ഇതേ തുടര്‍ന്ന് സ്‌കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാത്ത വാഹനങ്ങളെ പിടികൂടാന്‍ ആര്‍ടിഎ നിരീക്ഷണം ശക്തമാക്കി. സ്‌കൂള്‍ ബസുകള്‍ക്കു പരിഗണന നല്‍കാതെ പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ പിടികൂടി പിഴ ചുമത്തുകയും ഇതിന് പുറമേ ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റ് പതിക്കുകയും ചെയ്യുമെന്ന് ദുബായ് ആര്‍ടിഎ വ്യക്തമാക്കി.
ബസിലെ ‘സ്റ്റോപ്പ്’ ബോര്‍ഡ് കണ്ടിട്ടും സ്‌കൂള്‍ ബസിന്റെ പിന്നിലുള്ള വാഹനങ്ങള്‍ മുന്നോട്ട് എടുത്താല്‍ 1000 ദിര്‍ഹമാണ് പിഴ. സ്‌കൂള്‍ ബസില്‍ കുട്ടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോളാണ് സ്റ്റോപ്പ് ബോര്‍ഡ് തെളിയുന്നത്. ഇതു കണ്ടാല്‍ പിന്നിലുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടണമെന്നാണു നിയമം. മാത്രമല്ല പിറകിലുള്ള വാഹനം അഞ്ച് മീറ്ററെങ്കിലും അകലം പാലിക്കുകയും വേണമെന്ന് ദുബായ് ആര്‍ടിഎ ഗതാഗത നിരീക്ഷണ വിഭാഗം മേധാവി മുഹമ്മദ് നബ്ഹാന്‍ പറഞ്ഞു.