മസ്‌കത്ത്: വിസയും ശമ്പളവും ഭക്ഷണവുമില്ലാതെ നരകത്തിലായ മലയാളികൾ നാടിന്റെ സ്വാതന്ത്ര്യത്തിലേക്ക്. ഒമാനിലെ ഗാലയിൽ വിസയും ശമ്പളവുമില്ലാതെ വലഞ്ഞിരുന്ന ആലപ്പുഴ സ്വദേശികളായ ജിതിനും ബിച്ചുവും കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. വിസാ തട്ടിപ്പിൽ കുരുങ്ങി ബിദായയിൽ കഴിഞ്ഞിരുന്ന തൃശൂർ, എറണാകുളം ജില്ലകളിലെ 21 യുവാക്കളിൽ 12 പേർ സ്വാതന്ത്ര്യ നാട്ടിലേക്ക് തിരിക്കും.
ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി വിസിറ്റ് വിസയിൽ നാട്ടിൽനിന്നുവന്ന ഇവർ കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമോ വിസയോ ലഭിക്കാതെ ദുരിത ജീവിതത്തിലായിരുന്നു. കടുത്ത ചൂടുകാലത്തുപോലും വാഹന സൗകര്യമോ ഭക്ഷണ അലവൻസോ കമ്പനി നൽകിയിരുന്നില്ല.
സ്വാതന്ത്ര്യദിനത്തിൽ അവർ വീടുകളിലെത്തും. സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകരുടെ ഇടപെടലാണ് ജിതിൻ, ബിച്ചു എന്നിവരുടെ മടക്കയാത്രക്ക് വഴിയൊരുങ്ങിയത്. അൽ ഖുവൈറിൽനിന്ന് ദിവസവും പത്ത് കിലോമീറ്റർ നടന്നാണ് ഇവർ ജോലിക്ക് പോയിരുന്നത്.
ഇവർ നടന്ന് ജോലിക്കുപോകുന്നത് ഒരു മലയാളി വിഡിയോയിൽ പകർത്തുകയും ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. തുടർന്ന് ഇവരുടെ ദുരവസ്ഥ സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകരുടെ ശ്രദ്ധയിൽപെടുകയും ഇരുവരുടെയും ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുകയുമായിരുന്നു.
21 ദിവസത്തെ വിസയിൽ ഫെബ്രുവരി പത്തിന് ഒമാനിലെത്തിയ ഇവർക്ക് ഒരുമാസം മാത്രമാണ് കമ്പനി ശമ്പളം നൽകിയിരുന്നത്. കമ്പനി ഉടമകളുമായി നിരന്തരം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അഞ്ചുമാസത്തെ മുഴുവൻ ശമ്പളവും ടിക്കറ്റും എമിഗ്രേഷൻ പിഴയും അടക്കാൻ അവർ തയാറായി.
തുടർന്ന് ഇരുവരെയും സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകൻ റാമിസ് അലിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ച നാട്ടിലേക്ക് യാത്രയാക്കി.
Discussion about this post