ദുബായ്: മലയാളി യുവാവിന്റെ ചിത്രത്തിന് അഭിനന്ദനവുമായി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി നിസ്ഹാസ് അഹമദാണ് ദുബായ് രാജകുമാരന്റെ അഭിനന്ദനം നേടി ശ്രദ്ധേയനായിരിക്കുന്നത്.
ജോലിയോടൊപ്പം തന്നെ ഫ്രീലാന്‍സ് ഫൊട്ടോഗ്രഫര്‍ കൂടിയാണ് നിസ്ഹാസ്. കഴിഞ്ഞ ദിവസമാണ് നിസ്ഹാസിനെ പോലും ഞെട്ടിച്ചു കൊണ്ട് ദുബായ് കിരീടാവകാശി ഈ നിസ്ഹാസിന്റെ ചിത്രത്തിന് കമന്റ് നല്‍കിയത്. @faz3 എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നാണ് അദ്ദേഹം നിസ്ഹാസിന്റെ പടത്തിന് 2 തംപ്‌സ് അപ് ഇമോജി നല്‍കി അഭിനന്ദിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. അമേരിക്കയില്‍ നിന്ന് വന്ന തന്റെ സുഹൃത്തുക്കളിലൊരാള്‍ ബഹുനില കെട്ടിടത്തിന്റെ ടെറസിന്റെ കൈവരിയിലിക്കുന്നതാണ് പടത്തിലുള്ളത്. ദുബായിയുടെ ലോകപ്രശസ്ത മുദ്രകളായ ബുര്‍ജ് ഖലീഫയും മറ്റു കെട്ടിടങ്ങളും ഷെയ്ഖ് സായിദ് റോഡില്‍ നിന്നുള്ള ദൃശ്യത്തിന്റെ പശ്ചാത്തലത്തിന് ചാരുത പകരുന്നു.
ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെ ലൈക്കുകളും കമന്റുകളും ലഭിച്ചു. എന്നാല്‍, ഷെയ്ഖ് ഹംദാന്റെ ലൈക്കും കമന്റും അഭിനന്ദനവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇപ്പോഴുമത് വിശ്വസിക്കാനാകുന്നില്ലെന്നും നിസ്ഹാസ് പറയുന്നു.