ദുബായ്: കോവിഡ് കാലത്ത് നിരവധി പ്രവാസികളെ മരണം കവര്‍ന്നിരുന്നു. കോവിഡ് കാരണം അവസാനമായി ഉറ്റവര്‍ക്ക് കാണാനോ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കാനോ കഴിഞ്ഞിരുന്നില്ല. 2020 മേയ് 14നാണ് രാജ്കുമാര്‍ അജ്മാനില്‍ മരിച്ച കന്യാകുമാരി സ്വദേശി രാജയുടെ ചിതാഭസ്മം രണ്ടുവര്‍ഷത്തിന് ശേഷം മക്കളുടെ അടുത്ത് എത്തുകയാണ്.
ഇതേ സമയം തന്നെ നാട്ടില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും കോവിഡ് പിടിയിലായിക്കഴിഞ്ഞിരുന്നു. രാജ്കുമാറിന്റെ വിയോഗവാര്‍ത്ത കന്യാകുമാരിയിലെ വീട്ടില്‍ അറിയുമ്പോള്‍, ദിവസങ്ങള്‍ക്കുമുമ്പ് അമ്മ വിട്ടുപിരിഞ്ഞ വേദനയിലായിരുന്നു അദ്ദേഹത്തിന്റെ മക്കള്‍. കോവിഡ് കാരണം നാട്ടിലെത്തിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ രാജ്കുമാറിന്റെ മൃതദേഹം അല്‍ഐനില്‍ ദഹിപ്പിച്ചശേഷം ചിതാഭസ്മം അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിക്കുകയായിരുന്നു.
മക്കള്‍ പിതാവിന്റെ ചിതാഭസ്മമെങ്കിലും കാണണമെന്ന് അതിയായി ആഗ്രഹിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച സന്ദേശം ദുബായില്‍ ജോലിചെയ്യുന്ന കോട്ടയം പെരുവ സ്വദേശി സിജോ പോള്‍ അറിഞ്ഞു. അങ്ങനെ സിജോ ആ ചിതാഭസ്മവും കണ്ണിലെ കൃഷ്മണമണി പോലെ കാത്തുവച്ചു, രാജയുടെ മക്കളിലേക്കെത്തിക്കാന്‍.
മാതാവ് നഷ്ടമായ ആ മക്കള്‍ക്ക് അച്ഛന്റെ ജീവനറ്റ ശരീരം കാണാനായില്ലെങ്കിലും ചിതാഭസ്മം എത്തിക്കുമെന്ന് സിജോ ഉറപ്പ് കൊടുത്തു. കാരണം അനാഥാലയത്തില്‍ പഠിച്ചുവളര്‍ന്ന അവന് ആ വേദനയുടെ ആഴം മനസിലാക്കാനാവും.
പക്ഷെ കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടമായ സിജോയെ കന്യാകുമാരിയിലേക്ക് യാത്ര ചെയ്യാന്‍ സാമ്പത്തികശേഷി അനുവദിച്ചില്ല. നാട്ടിലേക്ക് പറക്കുന്ന ഉറ്റവരോടെല്ലാം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് അദ്ദേഹം സമൂഹമാധ്യമത്തിന്റെ സഹായം തേടുന്നത്.
സിജോയുടെ അഭ്യര്‍ത്ഥന വാര്‍ത്തകളില്‍ നിറഞ്ഞതോടെ അലൈന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ കോഴിക്കോടുകാരി താഹിറ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുന്നു.
എഴുത്തുകാരി കൂടിയായ താഹിറ കോവിഡ് കാലത്തെ അനുഭവങ്ങള്‍ സമാഹരിച്ച് എഴുതിയ ‘ഈ സമയവും കടന്നുപോകും’ എന്ന പുസ്തകം വിറ്റ് ലഭിച്ച പണം രാജ്കുമാറിന്റെ മകന്റെ പഠനത്തിന് എത്തിച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് പിതാവിന്റെ ചിതാഭസ്മം ദുബയില്‍ ഒരാള്‍ സൂക്ഷിക്കുന്ന വിവരം അറിയുന്നത്. തുടര്‍ന്ന് താഹിറ സിജോയുമായി ബന്ധപ്പെട്ട് ചിതാഭസ്മം എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
സിജോ ഹാപ്പിയാണ്, അതിലേറെ കടല്‍കടന്നെത്തുന്ന അച്ഛനെ കാത്തിരിക്കുന്ന സന്തോഷത്തിലായിരിക്കും രാജയുടെ മക്കള്‍. താഹിറയ്ക്ക് ഇത് നിയോഗവും.