വാക്കു പാലിച്ച് ഷെയ്ഖ് ഹംദാന്‍ എത്തി: ‘വൈറല്‍ ഡെലിവറി ബോയി’ അബ്ദുല്‍ ഗഫൂറിനെ നേരില്‍ കണ്ട് അഭിനന്ദിച്ചു

ദുബായ്: വാക്കു പാലിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി, വൈറലായ ഡെലിവറി ബോയിയെ നേരില്‍ കണ്ടു.
പാക്കിസ്ഥാനി ഡെലിവറി ബോയ് അബ്ദുല്‍ ഗഫൂറിനെയാണ് നേരില്‍ കണ്ട് ഷെയ്ഖ് ഹംദാന്‍ അഭിനന്ദിച്ചത്.

ദുബായിലെ തിരക്കേറിയ റോഡില്‍ കിടന്ന രണ്ടു കോണ്‍ക്രീറ്റ് കട്ടകള്‍ നീക്കം ചെയ്താണ് അബ്ദുല്‍ ഗഫൂര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഈ വീഡിയോ കണ്ട് ഷെയ്ഖ് ഹംദാന്‍ ട്വിറ്ററിലൂടെ യുവാവിനെ അഭിനന്ദിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഇല്ലെന്നും തിരികെ എത്തിയാല്‍ ഉടന്‍ നേരില്‍ കാണാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

യുകെയിലായിരുന്ന ഷെയ്ഖ് ഹംദാന്‍ തിരിച്ചെത്തിയ ശേഷം ആദ്യം നടത്തിയത് അബ്ദുല്‍ ഗഫൂറുമായുള്ള കൂടിക്കാഴ്ചയായിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും ട്വിറ്ററിലും അബ്ദുല്‍ ഗഫൂറിന്റെ തോളത്ത് കൈയിട്ട് നില്‍ക്കുന്ന ചിത്രം ഷെയ്ഖ് ഹംദാന്‍ പോസ്റ്റ് ചെയ്തു.
‘അബ്ദുള്‍ ഗഫൂറിനെ കണ്ടതില്‍ അഭിമാനമുണ്ട്, പിന്തുടരേണ്ട ഒരു യഥാര്‍ഥ മാതൃക’- ഹംദാന്‍ കുറിച്ചു

കഴിഞ്ഞ മാസം ഷെയ്ഖ് ഹംദാന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ അബ്ദുല്‍ ഗഫൂറിനെ ഹീറോ ആക്കി പോസ്റ്റ് ചെയ്തിരുന്നു. ‘ദുബായില്‍ നടന്ന നന്മയുള്ള ഒരു പ്രവൃത്തി പ്രശംസനീയമാണ്. ആര്‍ക്കെങ്കിലും ഇദ്ദേഹമാരാണെന്ന് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?’. വൈകാതെ, ‘ആ നല്ല മനുഷ്യനെ കണ്ടെത്തി’ എന്ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ‘നന്ദി അബ്ദുള്‍ ഗഫൂര്‍. താങ്കള്‍ നന്മനിറഞ്ഞ വ്യക്തിയാണ്. നമ്മള്‍ ഉടന്‍ നേരില്‍ കാണും’ ഷെയ്ഖ് ഹംദാന്‍ കുറിച്ചു.

പിന്നീട്, ഗഫൂറിനെ ഫോണ്‍ വിളിച്ച് അഭിനന്ദിക്കുകയും താനിപ്പോള്‍ രാജ്യത്ത് ഇല്ലെന്നും തിരിച്ചുവന്നാലുടന്‍ കാണാമെന്നും അറിയിച്ചു. നാട്ടില്‍ പോകാനൊരുങ്ങിയിരുന്ന അബ്ദുല്‍ ഗഫൂര്‍ ഇതേ തുടര്‍ന്ന് തന്റെ യാത്ര മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

Exit mobile version