ദമ്മാം: സൗദിയിൽ മാസങ്ങളായി അതിഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ മലയാളിയെ നാട്ടിലെത്തിച്ചു. ദമ്മാമിലെ അൽമന ആശുപത്രിയിലായിരുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, ആലംകോട് പണയിൽ വീട്ടിൽ അമീർ ഹംസ (55)യെയാണ് ശനിയാഴ്ച രാവിലെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. കെഎംസിസിയുടെ നേതൃത്വത്തിലായിരുന്നു ഹംസയ്ക്ക് സഹായം നൽകിയത്.
വെന്റിലേറ്റർ സംവിധാനവും ഡോക്ടർമാരും നഴ്‌സും ടെക്‌നീഷ്യന്മാരും വിദഗ്ധ സംഘവും അടങ്ങുന്ന സംഘത്തിന്റെ സഹായത്തോടെയാണ് അമീർ ഹംസയെ വെള്ളിയാഴ്ച രാത്രി ദമ്മാം വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് വിമാനത്തിൽ യാത്രയാക്കിയത്.
നേരത്തേ ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിച്ചിരുന്നെങ്കിലും യന്ത്രത്തകരാറിനെ തുടർന്ന് ശ്രീലങ്കൻ എയർവേസിന്റെ ഷെഡ്യൂൾ കാൻസൽ ചെയ്തതോടെ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിക്കുകയും വെള്ളിയാഴ്ച വിമാനത്താവളത്തിലേക്ക് തന്നെ എത്തിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഹംസയെ ബന്ധുക്കൾ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജുബൈലിലെ ഒരു കമ്പനിയിൽ 30 വർഷമായി ഡ്രൈവറായിരുന്ന അമീർ ഹംസ ഈവർഷം ജുനവരി 27ന് താമസസ്ഥലത്ത് കുഴഞ്ഞുവീണാണ് ആശുപത്രിയിലായത്. ഹൃദയാഘാതവും പക്ഷാഘാതവും സ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് ചികിത്സ തുടർന്നിരുന്നത്. ഇൻഷുറൻസ് പരിരക്ഷയും കമ്പനിയുടെ സഹായവും ലഭ്യമായതോടെ ചികിത്സ തുടരാൻ കഴിഞ്ഞെങ്കിലും ആരോഗ്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
തുടർന്നാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചികിത്സ തുടർന്നാൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. തുടർന്ന് കൊല്ലം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി പുനയം സുധീർ ആശുപത്രിയിലെത്തുകയും കിഴക്കൻ പ്രവിശ്യ കമ്മിറ്റിയുടെ സഹകരണത്തോടെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുമായിരുന്നു.
മഹ്‌മൂദ് പൂക്കാട്, ആഷിഖ് തൊടിയിൽ എന്നിവരുടെ സഹായം കൂടി കിട്ടിയതോടെ കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീങ്ങി. 59,000 റിയാലിന്റെ ചെലവാണ് അമീർ ഹംസയെ നാട്ടിലെത്തിക്കാൻ വേണ്ടി വന്നത്. ആറ്റിങ്ങൽ എംഎൽഎ അടൂർ പ്രകാശിന്റെ ഇടപെടലിനെ തുടർന്ന് രോഗിക്കും അനുഗമിക്കുന്ന ഡോക്ടർക്കും ടെക്‌നീഷ്യന്മാർക്കുമുള്ള ടിക്കറ്റുകൾ ഇന്ത്യൻ എംബസി നൽകാൻ തയാറായി. ലെസീനയാണ് അമീർ ഹംസയുടെ ഭാര്യ.