ദുബായ്: ഡെലിവെറി ജോലിക്കായി ചീറിപ്പാഞ്ഞു പോകുന്നതിനിടയിലും അൽപസമയം ലഭിച്ചപ്പോൾ ദുബായ് നഗരത്തിന് വേണ്ടി നന്മ ചെയ്ത പ്രവാസി യുവാവാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. റോഡിൽ തടസമായിരുന്ന സിമന്റ് കട്ടകൾ ജോലി തിരക്കിനിടയിലും എടുത്തുമാറ്റുന്നതാണ് യുവാവാണ് വൈറൽ വീഡിയോയിലുള്ളത്. ഒട്ടേറെ പേർ പങ്കുവെച്ച യുവാവിന്റെ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള അഭിനന്ദനമാണ് ലോകമെമ്പാടുനിന്നു തന്നെ ലഭിക്കുന്നത്.
ഇപ്പോഴിതാ ആ വിഡിയോ ശ്രദ്ധയിൽപ്പെട്ട സാക്ഷാൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്നെ അഭിനന്ദനവുമായി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽമീഡിയകളിലൂടെ അഭിനന്ദിച്ച ശൈഖ് ഹംദാൻ പ്രവാസി യുവാവിനെ നേരിട്ട് വിളിച്ചും നന്ദി അറിയിച്ചു.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ചയാണ് ഈ വീഡിയോ കണ്ടതും യുവാവിനെ അഭിനന്ദിച്ചതും.
പ്രവാസി യുവാവിനെ വൈറലാക്കിയ സംഭവമിങ്ങനെ: ദുബായ് നഗരത്തിലെ ഒരു ജങ്ഷനിലെ റോഡിൽ വാഹനങ്ങൾക്ക് അപകടമായി രണ്ടു വലിയ സിമന്റ് കട്ടകൾ വീണുകിടന്നിരുന്നു. ഈ സമയം ഡെലിവറിക്കായി അതുവഴി പോവുകയായിരുന്നു ഈ പ്രവാസി യുവാവ്. ട്രാഫിക് സിഗ്‌നൽ ചുവപ്പു കത്തിയപ്പോൾ ധരിച്ച ഹെൽമറ്റൊന്നും ഊരി വെയ്ക്കാതെ തന്നെ ഈ ഡെലിവറി ബോയ് ബൈക്കിൽ നിന്നിറങ്ങി രണ്ടു കട്ടകളും എടുത്തുമാറ്റുകയായിരുന്നു.
വലിയ അപകടങ്ങൾക്കുവരെ കാരണമായി, ദുബായ് നഗരത്തിൽ ഒരു ദുരന്തമായി തീർന്നേക്കാമായിരുന്ന തടസം യുവാവ് മാറ്റുന്നത് കണ്ട കാർ യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായത്. പിന്നീട് പലരും പങ്കുവെച്ച ആ വീഡിയോ ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും ശ്രദ്ധിക്കകുയായിരുന്നു.
ദുബായ് നഗരത്തിൽ ലാഭേച്ഛയില്ലാതെ ചെയ്ത സേവനത്തെ അഭിനന്ദിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കൂടാതെ ഡെലിവറി ബോയ്‌യെ കണ്ടെത്താൻ സഹായിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിനും മണിക്കൂറിനകം ഉത്തരം കിട്ടി. പാകിസ്താൻ സ്വദേശിയായ അബ്ദുൽ ഗഫൂറായിരുന്നു ഇത്. ആളെ തിരിച്ചറിഞ്ഞതോടെ ‘ആ നല്ല മനുഷ്യനെ കണ്ടെത്തി, നന്ദി അബ്ദുൽ ഗഫൂർ, നിങ്ങൾ ദയാലുവായ ഒരാളാണ്. നമ്മൾ ഉടൻ കാണും!’ എന്നാണ് ശൈഖ് ഹംദാന്ഡ കുറിച്ചത്.
കൂടാതെ അൽപസമയത്തിനകം തന്നെ അദ്ദേഹം അബ്ദുൽ ഗഫൂറിനെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും നന്ദിയറിയിക്കുകയും ചെയ്തു. ‘ഹലോ, ഇത് ശൈഖ് ഹംദാൻ’ എന്നുതുടങ്ങുന്ന ഫോൺ വിളി അവിശ്വസനീയമായി തോന്നിയെന്നാണ് അബ്ദുൽ ഗഫൂർ മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താനി സ്വദേശിയാണ് അബുദുൽ ഗഫൂറെന്നാണ് സൂചനകൾ. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
അതേസമയം, ശൈഖ് ഹംദാൻ ഇപ്പോൾ രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാൽ നേരിട്ട് കാണാമെന്നു അദ്ദേഹം പറഞ്ഞതായും അബ്ദുൽ ഗഫൂർ വ്യക്തമാക്കി. പ്രത്യേകിച്ച് എന്തെങ്കിലും ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും തന്നെപ്പോലെ ബൈക്കിൽ സഞ്ചരിക്കുന്ന ആർക്കെങ്കിലും അപകടം സംഭവിച്ചാലോ എന്ന് ഓർത്താണ് തടസ്സം മാറ്റിയതെന്നും അബ്ദുൽ ഗഫൂർ പറയുന്നു.