286 തവണകളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ തന്നെ അക്കൗണ്ടിൽ എത്തിയതിന് പിന്നാലെ രാജിവെച്ച് മുങ്ങിയ ജീവനക്കാരനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചിലിയിലെ കൺസോർഷ്യോ ഇൻഡസ്ട്രിയൽ ഡി അലിമെന്റോസ് എന്ന കമ്പനിയിലാണ് അപ്രതീക്ഷിതമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
43,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക ശമ്പളം ലഭിക്കേണ്ട ജീവനക്കാരന്റെ അക്കൗണ്ടിൽ എത്തിയത് 1.42 കോടി രൂപയാണ്. അതായത് 286 മാസത്തെ ശമ്പളം. അക്കൗണ്ടിൽ പണം വന്ന് നിറഞ്ഞത് കണ്ട് ആദ്യം ജീവനക്കാരനും അത്ഭുതപ്പെട്ടു. ശേഷം, അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, അബദ്ധം മനസ്സിലായ കമ്പനി അധികൃതർ പണം തിരിച്ചടയ്ക്കാൻ ജീവനക്കാരനോട് ആവശ്യപ്പെട്ടു.
ആദ്യം പണം തിരികെ തരാം എന്ന് സമ്മതിച്ച ജീവനക്കാരൻ പിന്നീട് തന്റെ നിലപാട് മാറ്റി. ഈ മാസം രണ്ടിന് രാജിക്കത്ത് നൽകി ആള് നാട് വിട്ടു. അതേസമയം, ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ കിട്ടുന്നില്ലെന്ന് മാനേജ്മെന്റ് പറയുന്നു. പണം തിരിച്ചുപിടിക്കാൻ നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ കമ്പനി.
Discussion about this post