റിയാദ്: സന്ദർശന വിസയിൽ ഭാര്യയും മക്കളും സൗദിയിൽ എത്താനിരിക്കെ മലയാളി പ്രവാസി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാൻസിസ് അഗസ്റ്റിൻ (54) ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങിയത്.
ദമ്മാം കിംഗ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദമാം കിംഗ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. ജുബൈൽ ആസ്ഥാനമായുള്ള സ്വകാര്യ കോൺട്രാക്ടിംഗ് കമ്പനിയുടെ ദമ്മാമിലെ വർക്ക് സൈറ്റിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.
സന്ദർശക വിസയിൽ ദമാമിൽ ജൂൺ ആദ്യവാരം എത്തേണ്ട ഭാര്യയെയും മക്കളെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു ഫ്രാൻസിസ്.
അഗസ്റ്റിൻ പിതാവും സിസിലി മാതാവുമാണ്. ഫ്രാൻസിറ്റയാണ് ഭാര്യ. വിദ്യാർഥികളായ അമൽ, ആൻസി എന്നിവർ മക്കളാണ്.