അബുദാബി: കടക്കെണിയിലകപ്പെട്ട് ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സുഹൃത്തിന് ഭാഗ്യമെത്തിച്ച് ബിനു. സുഹൃത്തായ സഫീറിന് വേണ്ടിയെടുത്ത ബിഗ് ടിക്കറ്റിലാണ് 5 ലക്ഷം ദിര്‍ഹം ലഭിച്ചത്.
പരിചയക്കാരനായ ബിനുവിന്റെ പേരില്‍ ടിക്കറ്റ് എടുക്കണമെന്നാവശ്യപ്പെട്ട് 10,000 രൂപ നല്‍കിയത് സ്ട്രോക്ക് ബാധിച്ച് ശരീരം തളര്‍ന്ന സഫീറാണ്. അതുകൊണ്ടുതന്നെ ഒരു കോടിയുടെ സമ്മാനം സഫീറിനു തന്നെയെന്ന് ബിനു പറയുന്നു.
ആവശ്യമുള്ള തുക ചോദിച്ചോളൂ എന്നു പറഞ്ഞിട്ടും കേട്ടില്ല. ഒടുവില്‍ സമ്മാനത്തുക കൊണ്ടു തുടങ്ങാനിരിക്കുന്ന പച്ചക്കറി വ്യാപാരത്തില്‍ ബിനുവിനെ പങ്കാളിയാക്കി ചേര്‍ത്തുപിടിച്ചിരിക്കുകയാണ് സഫീര്‍. സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കെ സഫീറിന് കിട്ടിയ കച്ചിത്തുരുമ്പാണ് ബിഗ്ടിക്കറ്റ് സമ്മാനം.
മുസഫ ഷാബിയയില്‍ പച്ചക്കറി മൊത്ത ബിസിനസ് നടത്തുകയായിരുന്നു സഫീര്‍. 3 കോടിയോളം രൂപ കുടിശികയാക്കി കണ്ണൂര്‍ സ്വദേശികളായ വ്യാപാരികള്‍ മുങ്ങിയതോടെ കച്ചവടം പൊട്ടി.
ഈ ആഘാതത്തില്‍ രക്തസമ്മര്‍ദം കൂടി പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് ശരീരം തളര്‍ന്നു. പതിയെ നടക്കാറായപ്പോള്‍ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് 6 മാസം മുന്‍പാണു വയനാട് മുട്ടില്‍ സ്വദേശി ബിനു പാലക്കുന്നേല്‍ ഏലിയാസിനെ പരിചയപ്പെട്ടത്. കണ്ടുമുട്ടിയതും ടിക്കറ്റെടുത്തതും ദൈവനിയോഗമാണെന്ന് ഇരുവരും പറയുന്നു.
Read Also: വിവാദത്തിന് വിട; ജോയ്സ്നയും ഷെജിനും ഔദ്യോഗികമായി വിവാഹിതരായി
‘ടിക്കറ്റെടുക്കാന്‍ സഫീറിനെ സഹായിക്കുക മാത്രമാണു ഞാന്‍ ചെയ്തത്. വയ്യാത്തയാളുടെ ആവശ്യം നിറവേറ്റുന്നതു പുണ്യമാണല്ലോ എന്നേ കരുതിയുള്ളൂ. സമ്മാനം അദ്ദേഹത്തിന്റേതാണ്,” ബിനു പറയുന്നു.
ബിനുവിന്റെ മകള്‍ ബിയോണയുടെ പേരില്‍ എടുത്ത ടിക്കറ്റിലൂടെ എത്തിയ ഭാഗ്യത്തിനു ദൈവത്തിന്റെ കയ്യൊപ്പുണ്ടെന്നും ഒരു വഴിയടയുമ്പോള്‍ മറ്റൊന്നു തുറക്കുമെന്നതിന്റെ തെളിവാണിതെന്നും സഫീര്‍ പറയുന്നു.
Discussion about this post