അബുദാബി: യുഎഇ ഭരണാധികാരിയായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ കാരുണ്യത്താൽ പുതുജീവൻ ലഭിച്ച മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി സന്തോഷത്താൽ മതിമറക്കുകയാണ്.
നാല് വർഷം മുൻപ് തലച്ചോറിൽ രക്തം കട്ടപിടിച്ച് കുഴഞ്ഞുവീണ് അലി ആശുപത്രി കിടക്കയിലേക്ക് വീണുപോയതാണ്. പിന്നീട് മികച്ച ആശുപത്രിയിലേക്ക് മാറ്റിയതും തുടർ ചികിത്സയ്ക്ക് മികച്ച അവസരമൊരുക്കിയതും എല്ലാം അലിയെ ആശുപത്രിയിലെത്തി സന്ദർശിച്ച ശൈഖ് മുഹമ്മദ് തന്നെയാണ്.
രോഗബാധിതനായ ശേഷം ജോലിയിൽ നിന്ന് വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്റെ വിസയിലാണ് താമസവും ചെലവുകളുമെല്ലാം. ശമ്പളവും ആനുകൂല്യങ്ങളുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല. ഇപ്പോഴും അലിക്കും കുടുംബത്തിനും തണലാകുന്നത് ശൈഖ് മുഹമ്മദിന്റെ കരുതൽ തന്നെയാണ്.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് 2018 ഡിസംബർ 23നാണ് ശൈഖ് മുഹമ്മദിന്റെ പേഴ്‌സനൽ സ്റ്റാഫ് അംഗമായ മലപ്പുറം കുറുവ പഴമള്ളൂർ മുല്ലപ്പള്ളി അലി(60)യെ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹത്തിന്റെ ചികിത്സയെ സംബന്ധിച്ച് വിവരം ലഭിച്ചയുടൻ കിരീടാവകാശിയുടെ ഓഫീസിൽ നിന്ന് അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു.
ശൈഖ് മുഹമ്മദിന്റെ നിർദേശപ്രകാരം അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക് ശേഷം കൂടുതൽ ശ്രദ്ധ നൽകുന്നതിനായി റോയൽ കോർട്ട് ഓഫിസ് ഇടപെട്ട് ക്ലീവ് ലാൻഡ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റി.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ സാക്ഷാൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ നേരിട്ടെത്തി അലിയെ സന്ദർശിച്ചു. അന്ന് അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായിരുന്നു ശൈഖ് മുഹമ്മദ്.
ശസ്ത്രക്രിയക്ക് ശേഷവും അലിയോട് വിശ്രമിക്കാനും ജോലിക്ക് വരേണ്ടെന്നുമായിരുന്നു നിർദേശം. ആനുകൂല്യങ്ങളെല്ലാം നൽകിയാണ് അലിക്ക് രാജകുടുംബം വിശ്രമം അനുവദിച്ചിരിക്കുന്നത്. 16ാം വയസിൽ യുഎഇയിൽ എത്തിയ അലി മൂന്ന് പതിറ്റാണ്ടിലേറെയായി അബുദാബി കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. ശൈഖ് മുഹമ്മദിന്റെ പല വിദേശ യാത്രകളിലും പേഴ്‌സനൽ സ്റ്റാഫായ അലിയും ഒപ്പമുണ്ടായിരുന്നു. ഭാര്യ റംല, മക്കളായ നസീബ്, നസീർ, നിസാർ എന്നിവരും അലിക്കൊപ്പം അബുദാബിയിലുണ്ട്.