അബുദാബി: സൗദിയിലെ സ്‌പോണ്‍സറായ അറബിയുടെ കീഴില്‍ ഒട്ടകത്തെ മേയ്ക്കലും പട്ടിണിയുമൊക്കെയായി ആടുജീവിതം നയിച്ച മലപ്പുറം സ്വദേശിക്ക് ഒടുവില്‍ മോചനം. അറബിയുടെ കീഴില്‍ നിന്നും ഓടി രക്ഷപ്പെട്ട് അബുദാബിയിലെത്തിയ മലപ്പുറം ആനക്കയം സ്വദേശി വളാപ്പറമ്പന്‍ മുഹമ്മദ് ഇസ്ഹാഖിനെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ശനിയാഴ്ച നാട്ടിലെത്തിക്കും.
കഷ്ടപ്പാടും പട്ടിണിയും നിറഞ്ഞ ജീവിതത്തിനിടെ, അബുദാബി ബദാസായിദിലെ ഒട്ടകയോട്ട മത്സരത്തിനെത്തിയതായിരുന്നു ഇസ്ഹാഖ്. കൂടെ അറബിയുമുണ്ടായിരുന്നു. റിയാദില്‍നിന്ന് രണ്ടാഴ്ച മുന്‍പ് എത്തിയ ഇസ്ഹാഖ് ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പെടാനായി അര്‍ധ രാത്രിയോടെ ഒളിച്ചോടുകയായിരുന്നു. ലക്ഷ്യമില്ലാതെ മരുഭൂമിയിലൂടെ നെട്ടോട്ടമോടിയ ഇസ്ഹാഖ് ഒടുവില്‍ ബദാസായിദിലെ മലയാളികളുടെ സമീപത്തെത്തുകയും അവിടെയുള്ള കടയില്‍ അഭയം തേടുകയുമായിരുന്നു. യുഎഇയിലുള്ള ബന്ധുക്കളുടെ സഹായം തേടിയെങ്കിലും എല്ലാവരും കയ്യൊഴിഞ്ഞു. തിരിച്ചു സൗദിയില്‍ പോകേണ്ടിവന്നാല്‍ മരണമല്ലാതെ വഴിയില്ലെന്നും മൃതദേഹംപോലും തന്റെ മക്കള്‍ക്ക് കാണാന്‍ കഴിയില്ലെന്നും പറഞ്ഞു കരഞ്ഞതോടെ ഇസ്ഹാഖിനെ കൈവിടാന്‍ ആ കടക്കാര്‍ക്കായില്ല. അബുദാബിയിലുള്ള സുഹൃത്തും വളാഞ്ചേരി കൊട്ടാരം സ്വദേശിയുമായ ഷംസുദ്ദീനെ വിവരം വിളിച്ചറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഇസ്ഹാഖിനെ രാവിലെ ബസ്സില്‍ അബുദാബിയിലേക്ക് കയറ്റിവിടുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിലെത്തിയ ഇസ്ഹാഖിനെയും കൂട്ടി ഇന്ത്യന്‍ എംബസിയിലെത്തിയപ്പോള്‍ അധികൃതര്‍ സഹായഹസ്തം നീട്ടുകയും ചെയ്തതോടെ കാര്യങ്ങള്‍ ശുഭാന്ത്യത്തിലേക്ക് നീങ്ങുകയായിരുന്നു. അകമഴിഞ്ഞ സഹായമാണ് എംബസിയില്‍ നിന്നും ലഭിച്ചതെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. പിന്നീട്, സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ഔട്ട്പാസ് ശരിപ്പെടുത്തിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റിവിടാനായി സൈ്വഹാന്‍ ഔട്ട് ജയിലിലേക്ക് മാറ്റി. നാട്ടിലേക്കുള്ള ടിക്കറ്റും എംബസി നല്‍കിയിട്ടുണ്ട്.
റിയാദില്‍നിന്നും 300 കിലോമീറ്റര്‍ അകലെ സലഹ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കലായിരുന്നു ഇസ്ഹാഖിന് നല്‍കപ്പെട്ട ജോലി. രണ്ടര മാസം കൊടും ചൂടിലും തണുപ്പിലും ഒട്ടകത്തോടൊപ്പം മരുഭൂമിയില്‍ കഴിയേണ്ടിവന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ പോലും ഇസ്ഹാഖിന് ഞെട്ടല്‍ മാറുന്നില്ല. കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഇസ്ഹാഖ് പലപ്പോഴും വിങ്ങിപ്പൊട്ടി. ഭക്ഷണം കഴിച്ചിട്ട് നാളുകള്‍ ഏറെയായി. വല്ലപ്പോഴും അറബി കൊണ്ടുതരുന്ന മക്രോണിയും ഖുബ്ബൂസും അള്‍സര്‍ രോഗിയായ തനിക്ക് കഴിക്കാന്‍ സാധിച്ചിരുന്നില്ലെന്നും വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നും ഇസ്ഹാഖ് കണ്ണീരടക്കി പറഞ്ഞു.