അബുദാബി: പ്രവാസി മലയാളിയ്ക്ക് വീണ്ടും അബുദാബി ബിഗ് ടിക്കറ്റിലൂടെ വന്‍തുക സമ്മാനം. ഇത്തവണ ഭാഗ്യദേവത അനുഗ്രഹിച്ചിരിക്കുന്നത് ശംസീര്‍ പുരക്കലിനെയാണ്. ബുധനാഴ്ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ശംസീറിന് സമ്മാനം ലഭിച്ചത്.
സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്റയാണ് ശംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളുടെ തത്സമയ സംപ്രേക്ഷണം സ്ഥിരമായി കാണാറുള്ള ശംസീറിന് ശബ്ദം കേട്ടപ്പോള്‍ തന്നെ സംഭവം പിടികിട്ടി. ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്.
2022 തനിക്ക് ഭാഗ്യം കൊണ്ടുവന്ന വര്‍ഷമാണെന്നായിരുന്നു ശംസീറിന്റെ പ്രതികരണം. ഒരു മാസം മുമ്പാണ് താനൊരു അച്ഛനാവാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. തൊട്ടുപിന്നാലെ 60 ലക്ഷത്തിന്റെ ഭാഗ്യവുമെത്തി. 7 എന്ന സംഖ്യയാണ് എപ്പോഴും തനിക്ക് ഭാഗ്യം കൊണ്ടുവരുന്നതെന്ന് ശംസീര്‍ വിശ്വസിക്കുന്നു. ബിഗ് ടിക്കറ്റില്‍ താന്‍ എടുത്തതും രണ്ട് ഏഴുകള്‍ അടങ്ങിയ നമ്പറായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ടിക്കറ്റെടുത്ത ശംസീര്‍, ഈ പ്രതിവാര സമ്മാന തുകയും അവരുമായി പങ്കുവെയ്ക്കും. ലണ്ടനില്‍ പോയി എം.ബി.എ പഠനം നടത്തുകയെന്ന തന്റെ വര്‍ഷങ്ങളായുള്ള സ്വപ്നം ഇപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയിലെ തന്റെ വിഹിതം ഉപയോഗിച്ച് സാധ്യമാവുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം.
എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശംസീര്‍ പറയുന്നു. എല്ലാവര്ക്കും സമ്മാനം ലഭിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, മറ്റ് വഴികളില്ല’: ഹിജാബില്ലാതെ ക്ലാസ്മുറിയിലെത്തി വിദ്യാര്‍ഥിനി
1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നല്കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പിലേക്ക് മാര്‍ച്ച് 14ന് എടുത്ത ടിക്കറ്റിലൂടെയാണ് ശംസീറിനെയാണ് പ്രതിവാര നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത്. ഈ സമ്മാനത്തിന് പുറമെ ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലും വിജയിയാവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും.
30 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനത്തിന് അര്‍ഹനാവുന്ന വ്യക്തിക്ക് അന്ന് രണ്ട് കോടിയാണ് ലഭിക്കുക. ഒപ്പം ജീവിതം മാറ്റി മറിക്കാന്‍ പര്യാപ്തമായ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് അന്ന് ലഭിക്കും.
Discussion about this post