റിയാദ്: നാല് വര്‍ഷം മുന്‍പ് സൗദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കിയത് ചരിത്ര കാല്‍വയ്പ്പായിരുന്നു. പല മേഖലകളിലും സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകള്‍ സൗദി അറേബ്യ നീക്കം ചെയ്തത് ലോകം ഉറ്റുനോക്കിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചരിത്രം കൂടി സൗദിയില്‍ പിറന്നിരിക്കുകയാണ്. സൗദിയിലെ ആദ്യത്തെ വനിതാ ക്രെയ്ന്‍ ഡ്രൈവറായി മാറിയിരിക്കുകയാണ് മുപ്പതുകാരി മെറിഹാന്‍ അല്‍ ബാസിം.
വാഹനങ്ങളോടും എഞ്ചിനുകളോടും ചെറുപ്പം മുതലേ താത്പര്യമാണ് മെറിഹാന്. പതിമൂന്നാം വയസില്‍ തുടങ്ങിയ ഈ ഇഷ്ടം ചെന്നെത്തിയിരിക്കുന്നത് സൗദി അറേബ്യയുടെ ആദ്യ വനിതാ ക്രെയ്ന്‍ ഡ്രൈവര്‍ എന്ന നേട്ടത്തിലാണ്.
ബസും കാറും തുടങ്ങി എല്ലാ വാഹനങ്ങളും മെറിഹാന് ഭയങ്കര ഇഷ്ടമാണ്. പിതാവില്‍ നിന്നാണ് ഈ ഇഷ്ടം പകര്‍ന്നു കിട്ടിയത്. മെറിഹാന്റെ പിതാവ് ഒരു വാഹന പ്രേമിയാണ്. പുരുഷ മേധാവിത്വ മേഖലകള്‍ ആയാണ് വാഹനങ്ങളും യന്ത്രങ്ങളും എല്ലാം പൊതുവെ ആളുകള്‍ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് ഒരു സ്ത്രീ കടന്നുവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല” എന്നും മെറിഹാന്‍ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കുടുംബമാണ്. എന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും അച്ഛനും അമ്മയും വളരെയധികം പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ അവരെനിക്ക് ഒപ്പം നില്‍ക്കാറുണ്ട്. അച്ഛന്‍ വലിയ വാഹന പ്രേമിയാണ്. യന്ത്രങ്ങളോട് വലിയ താത്പര്യമാണ്. അച്ഛന് പഴയ കാറുകള്‍ ഉണ്ടായിരുന്നു. അത് അദ്ദേഹം ഇടക്ക് നന്നാക്കി ഓടിക്കുമായിരുന്നു. ഈ സമയത്തെല്ലാം ഞാന്‍ അദ്ദേഹത്തിന് ഒപ്പം ഇരുന്ന് നോക്കി മനസിലാക്കുമായിരുന്നുന്നെന്ന് മെറിഹാന്‍ പറയുന്നു.
ഈ ഒരു ഇഷ്ടവും താത്പര്യവും തന്നെയാണ് മെറിഹാനെ ഈ നേട്ടത്തിലേക്ക്
എത്തിച്ചത്. പതിയെ പതിയെ മെറിഹാന്‍ കാര്‍ എക്സിബിഷനും മത്സരങ്ങളിലും പങ്കെടുക്കാന്‍ തുടങ്ങി. ഈ അറിവുകളെല്ലാം ഈ മേഖലകളില്‍ മികവ് നേടാന്‍ അവര്‍ക്ക് സഹായകമായി. കാര്‍ എക്സിബിഷനും മത്സരങ്ങളിലും പരിചയ സമ്പത്തുണ്ട്.
2018ല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയത് ഡ്രൈവിങ് ഇന്‍സ്ട്രക്ചര്‍, റേസ് ഡ്രൈവര്‍, മെക്കാനിക്സ് എന്നീ മേഖലകളില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ കൂടുതല്‍ അവസരമൊരുക്കിയതായും മെറിഹാന്‍ അഭിപ്രായപ്പെട്ടു.
റിക്കവറി മാര്‍ഷല്‍ സംഘത്തിലും മെറിഹാന്‍ ഉണ്ട്. ഇവരുടെ കഴിവ് മനസിലാക്കി സൗദി അധികൃതര്‍ ഈ സംഘത്തിലേക്ക് ഇവരെ നിയമിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ ജോലിയായാണ് റിക്കവറി മാര്‍ഷല്‍ കണക്കാക്കുന്നത്.
സൈക്കോളജിയും മാധ്യമപ്രവര്‍ത്തനവുമാണ് മെറിഹാന്‍ പഠിച്ചത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് തൊഴില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഡ്രൈവിങ്ങും മെക്കാനിക്സും എല്ലാം തനിയെ പഠിച്ചെടുത്തതാണ് മെറിഹാന്‍.