കൊല്ലം: അന്നത്തെ ആ ലൂഷ്യസിനെ കണ്ടാൽ തിരിച്ചറിയുന്ന അബ്ദുൾ റഷീദിനെ കാണാനായി നാസർ എത്തിയത് ‘അഞ്ച് ലൂഷ്യസ്’മാരുടെ ഫോട്ടോകളുമായി ആയിരുന്നു. വാട്‌സ്ആപ്പ് വഴി കിട്ടിയ കൈയിലുള്ള അഞ്ച് ഫോട്ടോകളിൽ ഏതെങ്കിലുമൊന്ന് പിതാവിന്റെ കടം വീട്ടാനായി അവർ തേടുന്ന ലൂഷ്യസായിരിക്കുമെന്ന് കരുതി. എന്നാൽ, ആ അഞ്ചുപേരുമല്ല അവർ തേടുന്ന ലൂഷ്യസെന്നു നാസറിനെ റഷീദ് അറിയിച്ചു.
ഇതോടെ വീണ്ടും അന്വേഷണം തുടരാനാണ് നാസറിന്റെയും കുടുംബത്തിന്റെയും തീരുമാനം. അന്ന് പ്രവാസലോകത്ത് ലൂഷ്യസ്, അനിയൻ ബേബി എന്നിവർക്കൊപ്പം അയൽവാസിയായി ഭാർഗവൻ എന്നൊരാളുമുണ്ടായിരുന്നെന്നും ഇവർ പരവൂർ സ്വദേശികളാണെന്നും വ്യക്തമായതായി ബുധനാഴ്ചത്തെ അന്വേഷണത്തിനുശേഷം നാസർ പറഞ്ഞു. തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ അബ്ദുള്ളയുടെ മകനാണ് നാസർ.
പിതാവിന്റെ വീടാക്കടത്തെക്കുറിച്ചുള്ള പരസ്യവും മാധ്യമങ്ങളിലെ വാർത്തയും കണ്ട് ലൂഷ്യസ് എന്നു പേരുള്ളവരുടെ ബന്ധുക്കൾ പലരും വിളിച്ചു. എല്ലാവരുടെയും ഫോട്ടോ വാട്സാപ്പിൽ വാങ്ങി പിതാവിന്റെയും ലൂഷ്യസിന്റെയും പൊതുസുഹൃത്തായ അബ്ദുൾ റഷീദിനെ കാണിക്കുകയായിരുന്നു. എന്നാൽ, ഈ അഞ്ചുപേരുമല്ല തങ്ങൾ തേടുന്ന ലൂഷ്യസെന്ന് അദ്ദേഹം പറഞ്ഞു.
ഇനി പരവൂർ കേന്ദ്രീകരിച്ച് അന്വേഷിക്കാമെന്നാണ് ഇവർ വിചാരിക്കുന്നത്. ലൂഷ്യസും ബേബിയും ഭാർഗവനും അബ്ദുള്ളയും ഒന്നിച്ച് ഇന്ത്യയിൽ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഒരുമിച്ച് കൊൽക്കത്തയിലും വിശാഖപട്ടണത്തും ഗോവയിലുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് ആ കമ്പനി ഇവിടം വിട്ടു. അതോടെ ലൂഷ്യസും ബേബിയും ഗൾഫിൽ പോയി. പിന്നീട് അബ്ദുള്ളയും.
പ്രവാസലോകത്ത് വെച്ച് കൂട്ടുകാർ വീണ്ടും കണ്ടുമുട്ടി. അബ്ദുള്ള ആദ്യം ഓയിൽ കമ്പനിയിലായിരുന്നു. അവിടത്തെ ജോലിനഷ്ടപ്പെട്ട് ബുദ്ധിമുട്ടുന്ന കാലത്താണ് ലൂഷ്യസ് 1000 ദിർഹം നൽകി സഹായിച്ചത്. ഇപ്പോഴത്തെ മൂല്യത്തിന് 20,000 രൂപ. പിന്നീട് അബ്ദുള്ള ക്വാറിയിൽ ജോലിക്ക് പോയി. സുഹൃത്തുക്കൾ തമ്മിൽ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. 87-ൽ അബ്ദുള്ള പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. അങ്ങനെയിരിക്കെയാണ് കടം വീട്ടാനുള്ള കാര്യം മക്കളോട് പറയുന്നത്.
”അന്നത്തെ ബുദ്ധിമുട്ടിൽ ആ സ്‌നേഹക്കടത്തിന്റെ മൂല്യം അതിലുമെത്രയോ വലുതാണെന്നറിയാം. പിതാവിന് അവരെയൊന്നു കാണാനും സ്‌നേഹസ്മരണകൾ പുതുക്കാനും ഏറെ ആഗ്രഹമുണ്ടായിരുന്നു.”-നാസർ പറഞ്ഞു. തുടർന്ന് മക്കൾ രണ്ടുവർഷംമുമ്പ് നവമാധ്യമങ്ങൾ വഴി ആളെ കണ്ടെത്താൻ ശ്രമം നടത്തി. പക്ഷേ, നടന്നില്ല.
കഴിഞ്ഞ ജനുവരി 23-ന് 83-ാം വയസ്സിൽ അബ്ദുള്ള മരിച്ചു. ഈ കടം വീട്ടാത്ത സങ്കടത്തോടെയാണ് പിതാവ് മരിച്ചതെന്ന വേദന മക്കളിലും ബാക്കിയായി. ഇതോടെയാണ് പത്രത്തിൽ പരസ്യം ചെയ്ത് ലൂഷ്യസിനെ കണ്ടെത്താൻ ശ്രമം തുടരുന്നത്. ലൂഷ്യസിനെയും സഹോദരൻ ബേബിയെയും അയൽവാസിയായ ഭാർഗവനെയും അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നാസറിന്റെ ഫോണിൽ ബന്ധപ്പെടാം. നമ്പർ: 7736662120.
Discussion about this post