അബുദാബി: 118 ദിവസം കൃത്രിമ ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അരുൺ കുമാർ എം നായർക്ക് കൊവിഡിൽ നിന്ന് അത്ഭുത രോഗമുക്തി. 13വർഷമായി അബുദാബിയിലെ ഒരു ആശുപത്രിയിൽ ഓപ്പറേറ്റിംഗ് തിയറ്റർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മലയാളിയായ അരുൺകുമാർ. കൊവിഡ് രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലും പോരാളായായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയായിരുന്നു അരുൺ കുമാർ.
ജയിലിൽ കഴിയുന്ന കാമുകിയെ ഇറക്കാനായി മോഷണം, രണ്ട് പേരെ കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ
കൊവിഡ് പോരാളിയായി സേവനമനുഷ്ഠിക്കുമ്പോഴാണ് കഴിഞ്ഞ ജൂലായിൽ അരുണിന് കൊവിഡ് ബാധയേൽക്കുന്നത്. പരിശോധനയിൽ പോസിറ്റീവായതോടെ അരുൺ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. എന്നാൽ, ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. കഠിനമായ ശ്വാസതടസത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിന് ഗുരുതരമായ അണുബാധ കണ്ടെത്തി. താമസിയാതെ അരുണിന് ശ്വസിക്കാനായി കൃത്രിമ ശ്വാസകോശം ഘടിപ്പിക്കേണ്ടി വന്നു. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്‌കോപ്പി എന്നിവയും നടത്തി.
അബുദാബിയിലെ വിപിഎസ് ഹെൽത്ത് കെയറാണ് അരുണിന്റെ ചികിത്സയ്ക്കായി 50ലക്ഷം രൂപ കൈമാറിയത്. ഒടുവിൽ 118 ദിവസം കൃത്രിമ ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവിച്ച അരുൺ പോരാടി ജയിച്ച് കരകയറിയിരിക്കുകയാണ്. ഇനിയൊരു മടക്കമില്ല എന്ന തോന്നലിനെ പടിക്ക് പുറത്തിട്ട് ഇപ്പോൾ, നാട്ടിലെത്തി കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ ഒരുങ്ങുകയാണ് അരുൺ.
അരുണിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചിലവും ഏറ്റെടുക്കുമെന്നും ഹെൽത്ത് കെയർ ഗ്രൂപ്പ് അറിയിച്ചു. അരുൺ രോഗമുക്തനായതിന്റെ ആഘോഷമായി അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ സഹപ്രവർത്തകരും അരുണിന് ധനസഹായം കൈമാറി. ചടങ്ങിൽ സിനിമാ താരം ടൊവിനോ തോമസും പങ്കെടുത്തിരുന്നു.