ഷാര്‍ജ: പേരില്‍ ജാതി കൊണ്ടുനടക്കുന്നവര്‍ക്ക് ഇനി ജോലി ഉണ്ടാകില്ലെന്ന് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കമ്പനിയുടെ സ്ഥാപക ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. സോഹന്‍ റോയ് ഇക്കാര്യം അറിയിച്ചത്.
പുതിയതായി സ്ഥാപനത്തില്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. നിലവിലുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക നാമത്തില്‍ നിയമപരമായ തിരുത്തലുകള്‍ വരുത്തണമെങ്കില്‍ അതിനാവശ്യമായ ചെലവുകള്‍ സ്ഥാപനം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ഇതിനുമുമ്പും ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാപനമാണ് ഏരിസ് ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് സ്ഥാപനത്തില്‍ ചേരുന്നതിന് മുന്‍പായി സ്ത്രീധന വിരുദ്ധപ്രതിജ്ഞ നിര്‍ബന്ധമാക്കുകയും ആന്റി ഡൗറി സെല്ലിന് രൂപം നല്‍കുകയും ചെയ്തിരുന്നു.
സമാനമായ പരിവര്‍ത്തനമാണ് ജാതിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കുന്നത്. മനസ്സിനെ മാലിന്യ വിമുക്തമാക്കി പുതിയൊരു വിപ്ലവത്തിന് നാന്ദി കുറിക്കാന്‍ ഇത്തരമൊരു തീരുമാനം സഹായിക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷയെന്ന് സോഹന്‍ റോയ് പറയുന്നു.
‘ഭാരതത്തിന്റെ ആദ്യത്തെ ആഗോള മുഖം എന്ന് വിശേഷിപ്പിക്കാവുന്ന സ്വാമി വിവേകാനന്ദന്റെ 158ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത്. അദ്ദേഹം കേരളത്തെ ‘ ഭ്രാന്താലയം’ എന്ന് വിളിച്ചത് ഏകദേശം 138 വര്‍ഷം മുന്‍പാണ്. ആ കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന കൊടിയ ജാതി വ്യവസ്ഥ കണ്ടു മനം മടുത്താണ് ഇങ്ങനെയൊരു പേരു കൂടി അദ്ദേഹം കേരളത്തിനു നല്‍കിയത്.
അതിനുശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് ഊറ്റം കൊണ്ടിട്ടും ജാതി വ്യവസ്ഥയില്‍ നിന്നു മനസ്സുകൊണ്ട് മോചിതനാകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ പുതിയ തലമുറ പോലും അവരുടെ മാതാപിതാക്കളുടെ പേരിന്റെ കൂടെയുള്ള ജാതിവാല്‍ സ്വന്തം പേരിനൊപ്പം പ്രദര്‍ശിപ്പിക്കുവാന്‍ കാരണം അവരുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യമാണ്. ഇതു കാണുമ്പോള്‍ വളരെ സങ്കടമുണ്ട്.
‘ലോകം മുഴുവന്‍ മാറ്റിമറിക്കാന്‍ നമുക്ക് ഒരിക്കലും കഴിയില്ല. പക്ഷേ സ്വയം മാറുവാനും നമുക്ക് ചുറ്റുമുള്ളവരെ മാറുവാന്‍ പ്രേരിപ്പിക്കുവാനും നമുക്ക് സാധിക്കും. ഏരിസ് കുടുംബവും ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിക്കുവാന്‍ ആഗ്രഹിക്കുന്നു. ആ പരിവര്‍ത്തനത്തിലേയ്ക്കുള്ള ഒരു എളിയ ചുവടുവെയ്പ് എന്ന രീതിയില്‍ ഔദ്യോഗികമായ ആശയവിനിമയങ്ങളില്‍ നിന്ന് ജാതിസംജ്ഞ ഒഴിവാക്കുവാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ ഞങ്ങളുടെ സ്ഥാപനങ്ങളുടെ ഭാഗമാകുവാന്‍ ഭാവിയില്‍ അവസരമുണ്ടാകുകയുള്ളു’ സോഹന്‍ റോയ് വ്യക്തമാക്കുന്നു.
നിലവിലെ ജീവനക്കാരില്‍ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അവരുടെ ഔദ്യോഗിക നാമം സ്ഥിരമായും നിയമപരമായും മാറ്റുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ചെലവുകളും സ്ഥാപനം വഹിക്കുന്നതായിരിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ജീവനക്കാരുടെ വീട്ടമ്മമാരായ പങ്കാളികള്‍ക്കും മാതാപിതാക്കള്‍ക്കും പെന്‍ഷന്‍ നല്‍കുക, ജീവനക്കാര്‍ക്ക് അന്‍പത് ശതമാനം ഓഹരി പങ്കാളിത്തം നല്‍കുക , ജീവനക്കാര്‍ക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാല്‍ അവരുടെ മാതാപിതാക്കള്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം നല്‍കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണല്‍ അലവന്‍സും സ്‌കോളര്‍ഷിപ്പുകളും കൊടുക്കുക തുടങ്ങിയ ഒട്ടനേകം മാതൃകാ പദ്ധതികള്‍ സ്ഥാപനത്തിന്റെ നയ പരിപാടികളുടെ ഭാഗമാണ്.
പതിനാറോളം രാജ്യങ്ങളില്‍ ബ്രാഞ്ചുകളും കമ്പനികളും ജീവനക്കാരുള്ള സ്ഥാപനമാണ് ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്. സാമുദ്രിക വിപണിയിലെ പല മേഖലകളിലും ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാനം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഒപ്പം, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ഹോം തിയേറ്റര്‍ നിര്‍മ്മാണം, മള്‍ട്ടിപ്ലക്സ് തിയറ്റര്‍, പ്രൊഡക്ഷന്‍ സ്റ്റുഡിയോ എന്നീ മേഖലകളിലും ഗ്രൂപ്പ് മുതല്‍ മുടക്കിയിട്ടുണ്ട്.
Discussion about this post