അബുദാബി: കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം, ആ വാഗ്ദാനം ഉറപ്പായും പാലിക്കുമെന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടി ലഭിച്ച മലയാളിയായ ഹരിദാസ്. തിരൂര്‍ കടുങ്ങാക്കുണ്ട് വരസനാല്‍ മുക്കിലപീടിക ചെറവല്ലൂര്‍ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകന്‍ ഹരിദാസനും മറ്റു 12 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു പാകിസ്താനിയും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
അല്‍ഐനില്‍ ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയാണ് ഹരിദാസ്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം. അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാല്‍ തന്റെ 8 സെന്റ് ഭൂമി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തതെന്നും വാക്കു പാലിക്കുമെന്നും ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജീവിതത്തില്‍ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 മുതല്‍ യുഎഇയിലുള്ള ഹരിദാസന്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു പതിവായി ടിക്കെറ്റെടുക്കാറുണ്ടെന്നും സൂചിപ്പിച്ചു. അമ്മ ശോഭന, ഭാര്യ ശില്‍പ, മകന്‍ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടാം സമ്മാനമായ 20 ലക്ഷം ദിര്‍ഹം (നാലു കോടി രൂപ) ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന് ലഭിച്ചു.