ദുബായ്: കാലിത്തൊഴുത്തിലെ ഉണ്ണിയേശു മുതല്‍ കാല്‍വരിയിലെ ക്രൂശിതനായ യേശു വരെ ഉണ്ട് ലോറന്‍സ് മാമ്മന്‍ നേര്യംപറമ്പിലിന്റെ ശേഖരണത്തില്‍. ഒട്ടും സാമ്യമില്ലാത്ത 25000 ഫോട്ടോകളാണ് ഇവിടെ ഉള്ളത്. ചിത്രങ്ങളെല്ലാം ചേര്‍ത്തുവച്ച് 32 അടി നീളത്തിലും 8 അടി വീതിയിലും കൂറ്റന്‍ ബാനറും തയാറാക്കിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 25 വര്‍ഷമായി യേശുവിന്റെ ഫോട്ടോകള്‍ ലോറന്‍സ് ശേഖരിക്കാന്‍ തുടങ്ങിയിട്ട്. സ്വയം ഫോട്ടോയെടുത്തു സൂക്ഷിച്ചവയും സുഹൃത്തുക്കളും ബന്ധുക്കളും സമ്മാനിച്ചവയും എല്ലാം ചേര്‍ത്താണ് ഈ നാല്‍പ്പത്തഞ്ചുകാരന്റെ ശേഖരം.
ചിത്രങ്ങള്‍ ചേര്‍ത്തുവച്ചുള്ള ബാനര്‍ തയാറാക്കാന്‍ ഗ്രാഫിക് ഡിസൈനര്‍ വിവേകും അദ്ദേഹത്തിന്റെ സഹായികളായ രാജു, റഹിം, വിജു എന്നിവരും സഹായിച്ചു. ചിത്രങ്ങള്‍ ശേഖരിക്കുന്നതില്‍ ഗിന്നസ് റെക്കോര്‍ഡാണ് ലോറന്‍സിന്റെ ലക്ഷ്യം.15 വര്‍ഷമായി ഖിസൈസില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയായ ലോറന്‍സ്. മാതൃസഹോദരീ പുത്രനായ ഫാ. ജോര്‍ജ് ആലുങ്കലാണ് ചിത്രശേഖരണത്തിലേക്ക് നയിച്ചത്.
വിവിധയിനം പേനകള്‍, പത്തുവര്‍ഷം മുമ്പുള്ള ടെലിഫോണ്‍ കാര്‍ഡുകള്‍, വന്സംഭവങ്ങള് റിപ്പോര്‍ട്ടു ചെയ്ത പത്രങ്ങള്‍, പ്രശസ്തരുമൊത്തുള്ള ചിത്രങ്ങള്‍ ഇതെല്ലാം ശേഖരിക്കുന്നതിലും ലോറന്‍സ് ആനന്ദം കണ്ടെത്തുന്നു. ജലശയനം നടത്തുന്നതിലും വിദഗ്ധനാണ്.
Discussion about this post