ദുബായ്: ഫോണ്‍ വഴി നടക്കുന്ന തട്ടിപ്പുകള്‍ വ്യാപകമാവുന്നതിനിടെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നും ഫോണ്‍ കോള്‍ വരികയും പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയിലാണ് പുതിയ തട്ടിപ്പെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കുന്നു.
ദുബായിയിലും വടക്കന്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്കുമാണ് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ചാണ് വിളിക്കുന്നത് എന്നാണ് ഫോണ്‍ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്. ഫോണ്‍ എടുക്കുന്ന വ്യക്തി യുഎഇയിലെ എമിഗ്രേഷന്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്നും ഇതിനു പണം കെട്ടണമെന്നുമാണ് ആവശ്യപ്പെടുക. ബാങ്കിന്റെ വിവരവും കൈമാറും. 04-3971222/ 3971333 എന്നീ നമ്പറുകളില്‍ നിന്നാണ് പ്രധാനമായും ഫോണ്‍ വരുന്നത്. പലരും ഈ ചതിക്കുഴിയില്‍ വീഴുന്നുണ്ടെന്നാണ് സൂചന. ഇതിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
— India in Dubai (@cgidubai) October 16, 2018
കോണ്‍സുലേറ്റ് ഒരിക്കലും ഇത്തരം ഫോണ്‍ കോളുകള്‍ ചെയ്യാറില്ല. ഇനി ഇത്തരം ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഇക്കാര്യം ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഇ മെയില്‍ വഴി വിവരം അറിയിക്കാനും ആവശ്യപ്പെട്ടു. [email protected], [email protected] എന്നീ ഇ മെയിലുകള്‍ ഇതിനായി ഉപയോഗിക്കാം. ദുബായിലെ പ്രാദേശിക ഭരണകൂടവുമായി ഈ വിഷയം പങ്കുവച്ചിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
Discussion about this post